ഇ.ടിക്ക് വോട്ടുചെയ്തതില്‍ അഭിമാനം; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും തള്ളി ബല്‍റാം

et-vt-balram
SHARE

കോണ്‍ഗ്രസ് നിലപാടുകള്‍ തള്ളി, നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഫെയ്സ്ബുക്കില്‍ മൂന്ന് കുറിപ്പുകളിലായാണ് എംഎല്‍എയുടെ വിമര്‍ശനം. സിപിഎം നിലപാടുകളെയും കുറിപ്പുകളില്‍ ബല്‍റാം പരിഹസിക്കുന്നു. കുറിപ്പുകള്‍ വായിക്കാം. 

ഒന്ന്:

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.

രണ്ട്: 

ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് അക്കാരണം പറഞ്ഞ് അർഹതപ്പെട്ട വാർദ്ധക്യകാല പെൻഷനും വിധവാ പെൻഷനും വികലാംഗ പെൻഷനുമൊന്നും നൽകാൻ തയ്യാറാകാത്ത പിണറായി വിജയൻ സർക്കാരാണ് 8 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സവർണ്ണ സമ്പന്നർക്ക് സർക്കാർ ജോലി സംവരണം ചെയ്യാനുള്ള നരേന്ദ്ര മോഡിയുടെ തീരുമാനത്തെ ഒറ്റയടിക്ക് സ്വാഗതം ചെയ്യുന്നത്.

#സാമ്പത്തികസംവരണംവഞ്ചനയാണ്_ഭരണഘടനയുടെഅട്ടിമറിയാണ്

മൂന്ന്:

ഭരണഘടന അട്ടിമറിക്കപ്പെടുന്നത്, യഥാർത്ഥത്തിൽ ദാ ഇപ്പഴാണ്.

നവോത്ഥാനത്തിൽ നിന്ന് നാം തിരിഞ്ഞു നടക്കുന്നത്, ദാ ഇപ്പഴാണ്.

ബ്രാഹ്മണ്യത്തിനു മുമ്പിൽ ജനാധിപത്യം കീഴടങ്ങുന്നത്, ദാ ഇപ്പഴാണ്.

അംബേദ്കർ തെരുവിലെറിയപ്പെട്ട് മനു പുനരാനയിക്കപ്പെടുന്നത്, ദാ ഇപ്പഴാണ്.

പ്രതിരോധ മതിൽ തീർക്കേണ്ടത്, ദാ ഇപ്പഴാണ്.

ആര് പറഞ്ഞാലും എന്റെ നിലപാട് സാമ്പത്തിക സംവരണത്തിനെതിര്.

#സാമ്പത്തികസംവരണംവഞ്ചനയാണ്_ഭരണഘടനയുടെഅട്ടിമറിയാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.