പണിമുടക്ക്; മലബാറിൽ ജനം വലഞ്ഞു; വാക്കേറ്റം; ട്രെയിൻ തടയൽ

bandh-malabar
SHARE

ദേശീയ പണിമുടക്ക് രണ്ടാംദിവസവും മലബാറില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പാലക്കാടും, കണ്ണൂരിലും സമരാനുകൂലികള്‍ അരമണിക്കൂറിലധികം ട്രെയിന്‍ തടഞ്ഞു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും പൂര്‍ണമായും സര്‍വീസ് മുടക്കി. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പയ്യന്നൂരിലും കണ്ണൂരിലും പാലക്കാടും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. പയ്യന്നൂരില്‍ മംഗലൂരു സെന്‍ട്രല്‍ മെയില്‍ തടഞ്ഞത് ശബരിമല തീര്‍ഥാടകരും സമരക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി.

സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും കഴിഞ്ഞദിവസത്തിന് സമാനമായി മലബാറിലെ മുഴുവന്‍ ജില്ലകളിലും സര്‍വീസ് മുടക്കി. കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് സ്വകാര്യ ബസ് രണ്ട് സര്‍വീസ് നടത്തിയത് രോഗികള്‍ക്ക് സഹായമായി. കട തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും സമരാനുകൂലികളും തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കമുണ്ടായ മഞ്ചേരിയില്‍ സ്ഥിതി ശാന്തമാണ്. കൂടുതല്‍ കടകള്‍ തുറന്നതിനൊപ്പം വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലും, സുല്‍ത്താന്‍ ബത്തേരിയിലും ഭൂരിഭാഗം കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മാനന്തവാടിയിലും കൊയിലാണ്ടിയിലും തുറന്ന കടകള്‍ അടപ്പിക്കാനുള്ള ശ്രമമുണ്ടായി. പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിന്‍വാങ്ങി. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷയും മുഴുവന്‍ ജില്ലകളിലും കാര്യമായി നിരത്തിലുണ്ട്. 

MORE IN KERALA
SHOW MORE