നാളേയും മറ്റന്നാളും വാഹനം ഓടുമോ ? ബാങ്ക്, സ്കൂളുകൾ തുറക്കുമോ ?

strike
SHARE

നാളെയും മറ്റന്നാളും നടക്കുന്ന തൊഴിലാളികളുടെ ദേശീയ പണിമുടക്ക് ഹര്‍ത്താലല്ലെന്ന് വ്യക്തമാക്കി സംയുക്ത ട്രേഡ് യൂണിയന്‍. സ്വകാര്യവാഹനങ്ങളെ തടയില്ലെന്നും  കെ.എസ്.ആര്‍.ടി.സി –സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ പൊതുഗതാഗതം നിശ്ചലമാകുമെന്നും ട്രേഡ് യൂണിയന്‍ സമിതി പ്രസിഡന്‍് എളമരം കരീം പറഞ്ഞു. റയില്‍വേ സ്റ്റേഷനുകളില്‍ പിക്കറ്റിങ് നടക്കുന്നതിനാല്‍ ട്രെയിയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റ തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് ഹര്‍ത്താലാവുമോ എന്ന ആശങ്ക ലഘൂകരിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരപരിപാടി വിശദീകരിച്ചത്. റെയില്‍വേ ഒഴികെയുള്ള ഗതാഗത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ ബസ്– ഓട്ടോ സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കും.

എന്നാല്‍ സാധാരണദിനങ്ങളെ  പോലെ സ്വകാര്യവാഹനങ്ങള്‍ റോഡിലിറക്കുന്നതിന് തടസമില്ല.പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ വാഹനങ്ങള്‍ തടയില്ല. കടകള്‍ തുറക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെയും തടയില്ലെന്ന് എളമരം കരീം വ്യക്തമാക്കി. ടൂറിസ മേഖലയിലെ  ഹോട്ടലുകളെയും അവിടുത്തെ  ജീവനക്കാരെയുംപണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. 

അധ്യാപകര്‍ പണിമുടക്കുന്നതിനാല്‍ സ്കൂളുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരും പെട്രോള്‍ പമ്പ് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഈ മേഖലകള്‍ സ്തംഭിക്കും.ചെറുകിട വ്യാപാരികളും തെരുവ് കച്ചവടക്കാരും പണിമുടക്കുന്നുണ്ട്. ആശുപത്രിയിലെ ജീവനക്കാരും പാല്‍–പത്രവിതരണം എന്നീ മേഖലകളിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമല്ല. ടാക്സി ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കിലും വിവാഹ ആവശ്യത്തിന് അവര്‍ സര്‍വീസ് നടത്തും. ഹര്‍ത്താല്‍ ദിനത്തിലെ പോലെ റോഡുകളില്‍ ഇറങ്ങുന്നതിന് ജനങ്ങള്‍ക്ക് ഭീതി വേണ്ടെന്നും എന്നാല്‍ എല്ലാ തൊഴിലാളികളും പണിമുടക്കിനോട് സഹകരിക്കണമെന്നുമാണ് ട്രേഡ് യൂണിയനുകളെ അഭ്യര്‍ഥന.

MORE IN BREAKING NEWS
SHOW MORE