ഇത് കേരളത്തിന്‍റെ 'കെജിഎഫ്'; പ്രേതഗ്രാമമാക്കരുത്; ദൃക്സാക്ഷിക്കുറിപ്പ്; കണ്ണീർ

alappadu
SHARE

കോളാറിലെ സ്വർണഖനിയുടെ കഥ പറയുന്ന കന്ന‍ഡചിത്രം 'കെജിഎഫ്' കേരളത്തിലെ നിറ‌‍ഞ്ഞ സദസുകളിൽ പ്രദർ‌ശനം തുടരുമ്പോള്‍ ആലപ്പാടെന്ന തീരദേശഗ്രാമത്തിലെ ജനങ്ങൾ സമാനമായ വേദനയമനുഭവിക്കുന്നതും പ്രതിരോധം തീർക്കുന്നതും യാദൃശ്ചികമാകാം. പക്ഷേ, സിനിമല്ല, ഇവർക്കിത് ജീവിതമാണ്. കെജിഎഫ് നായകനെപ്പോലെ വില്ലൻമാരെ ഒറ്റക്കു നേരിടാൻ ഇവർക്കൊരു ഹീറോയില്ല, പോരാട്ടം ഒന്നിച്ചാണ്. 

കേരളത്തിന്‍റെ 'കെജിഎഫ്' ആണ് ആലപ്പാട് എന്ന് സമൂഹമാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ് ആലപ്പാടെത്തിയ മിഥുൻ മോഹൻ പറയുന്നു. ഇതേ അവസ്ഥ തുടർന്നാല്‍ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ശേഷിപ്പുകൾ മാത്രം ബാക്കിയാക്കിയ ധനുഷ്കോടിയെന്ന പ്രേതനഗരത്തിന്‍റെ അവസ്ഥയാകും ആലപ്പാടിനെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു.

''60 വർഷത്തിലധികമായി തുടരുന്ന കരിമണൽ ഖനനത്തിന്‍റെ എല്ലാവിധ ദൂഷ്യഫലങ്ങളും അനുഭവിച്ചവരാണ് ഇവിടുത്തെ ജനത. ഒരു സർക്കാരും ഒരു നേതാവും ഇവരെ കേൾക്കാനെത്തിയിട്ടില്ല. എങ്ങനെയെങ്കിലും ഞങ്ങളുടെ പ്രശ്നങ്ങൾ കൂടൂതലാളുകളിലേക്കെത്തിക്കൂ എന്നാണ് അവരെന്നോടു പറ‍‌‍ഞ്ഞത്'', മിഥുൻ മനോരമ ന്യൂസ്.കോമിനോടു പറഞ്ഞു. 

സുനാമി തിരകൾ കേരളത്തെ വിഴുങ്ങിയപ്പോൾ കടൽ ഏറ്റം സംഹാരതാണ്ഡവമാടിയ സ്ഥലങ്ങളിലൊന്നാണ് ആലപ്പാട്. കടല്‍ത്തിരകൾ ഏറ്റവും കൂടുതൽ ജീവനെടുത്ത സ്ഥലം. ദുരന്തങ്ങളെ ഒരുപാട് നേരിട്ട ചരിത്രമുണ്ട് ഇവർക്കു മുന്നിൽ. ആ ചരിത്രം തന്നെയാണ് പോരാട്ടത്തിന് ഊർജം പകരുന്നതും. 

''ഇത് ചെറിയ പ്രശ്നമല്ല, ഗൗരവം വലുതാണ്. നശിച്ചുപോയ വീടുകളും സ്കൂളുകളും ലൈബ്രറികളും ആരാധനാലയങ്ങളുമെല്ലാം ഞങ്ങളവിടെ കണ്ടു. പറ്റാവുന്നത്ര ആളുകളേലേക്ക് വാർത്ത എത്തിക്കുമെന്ന ഉറപ്പു നൽകിയിട്ടാണ് പോന്നത്'', മിഥുൻ പറയുന്നു. 

സോഷ്യൽ ചുവരുകൾ വഴിയാണ് ആലപ്പാടിന്‍റെ രോദനം കേരളമറിഞ്ഞത്. ട്രോൾ പേജുകൾ പ്രശ്നത്തിന് കൂടുതൽ പ്രശസ്തി നൽകിയപ്പോൾ ചിലരെങ്കിലും കേട്ടറിഞ്ഞ കാര്യം കണ്ടറിയാനെത്തി. ജനിച്ച മണ്ണില്‍ തന്നെ മരിക്കണമെന്ന ആലപ്പാട്ടെ പെൺകുട്ടിയുടെ രോദനം വേദനയോടെ കേട്ടു. യുവനടൻ ടൊവീനോ ആലപ്പാട് നിവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ആലപ്പാടിനായി ബൈക്ക് റാലി നടത്തിയ യുവാക്കളിലൂടെയും വായ് മൂടി പ്രതിഷേധത്തിനിറങ്ങിയ വിജയ് ആരാധകരിലൂടെയും പിന്തുണാക്കരങ്ങൾ പിന്നെയും നീണ്ടു. 

ഒരുപാട് സമ്പത്തുള്ള സ്ഥലമാണ്, പക്ഷേ ഇതിന്‍റെ പേരിൽ ഒരു ഗ്രാമം ഇല്ലാതാക്കരുതെന്ന് ഗ്രാമവാസികൾ പറയുന്നു. ഞങ്ങള്‍ എവിടെ പോയി ജീവിക്കുമെന്ന ചോദ്യവുമുയര്‍ത്തുന്നു. 

ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന ഐ ആർ ഇ ( ഇന്ത്യൻ റയർ എർത്ത് ലിമിറ്റഡ് ) എന്ന സ്ഥാപനം വർഷങ്ങളായി നടത്തുന്ന മണൽ ഖനനത്തിനെതിരെയാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം പോരാടുന്നത്. അറബിക്കടലിനും കായംകുളം കായലിലും ഇടക്കായി വീതി വളരെക്കുറഞ്ഞ ഒരു പ്രദേശം ആണ് ഇത്. 

MORE IN KERALA
SHOW MORE