പ്രളയം കഴിഞ്ഞിട്ട് അഞ്ച് മാസം; ദുരിതാശ്വാസ വിതരണം മന്ദഗതിയിൽ

flood
SHARE

പ്രളയദുരിതാശ്വാസ വിതരണം ഇഴഞ്ഞ് നീങ്ങുന്നു. പ്രളയം കഴിഞ്ഞ് അഞ്ച് മാസമായിട്ടും വീട് പൂര്‍ണ്ണമായി തകര്‍ന്നവരില്‍ പകുതി പേര്‍ക്കുമാത്രമാണ് ഇതുവരെ ആദ്യഗഡുസഹായം നല്‍കാനായത്. ഭാഗികമായി വീട് തകര്‍ന്ന ഒരുലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ഇപ്പോഴും ഒരുധനസഹായവും ലഭിച്ചിട്ടില്ല. വീടുകളുടെ പരിശോധന എന്ന് പൂര്‍ത്തിയാക്കാനാവുമെന്നും സര്‍ക്കാരിന് വ്യക്തതയില്ല. 

സര്‍ക്കാര്‍ കണക്കനുസരിച്ച് 13, 311 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഇവരില്‍ സ്വന്തം ഭൂമിയില്‍ വീട് വെക്കാനാരംഭിച്ച 6597 പേര്‍ക്കമാത്രമാണ് ഇത് വരെ ആദ്യഗഡു സഹായം നല്‍കാനായത്. മലയോരമേഖലയില്‍ 95, 000 രൂപയും സമതലപ്രദേശത്ത് ഒരുലക്ഷം രൂപയുമാണ് ആദ്യഗഡുവായി നല്‍കുന്നത്. 2000 വീടുകള്‍സഹകരണ മേഖല നിര്‍മ്മിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍പറയുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തണം. 1075 പേരാണ് ഈ പട്ടികയിലുള്ളത്. ഇതിനുള്ള നടപടികള്‍ ഇത്രയും നാളായിട്ടും ഇഴഞ്ഞ് നീങ്ങുകയാണ്.

2,43, 690വീടുകളാണ് ഭാഗികമായി തകര്‍ന്നത്.ഇവയില്‍ 1, 86, 623 പേര്‍ക്ക് ഇത് വരെ ഒരുസഹായവും നല്‍കാനായില്ല. 57067 പേര്‍ക്ക് മാത്രമാണ് സഹായധനം വിതരണം ചെയ്തത്. പതിനായിരം മുതല്‍ 60,000 രൂപ വരൊണ് 15 മുതല്‍ 30 ശതമാനം വരെ തകര്‍ന്ന വീടുകള്‍ക്ക് നല്‍കുന്നത്. ഇത് ജനുവരി പത്തിനകം നല്‍കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവക്ക് വിശദപരിശോധന വേണമെന്നാണ് ദുരന്തനിവാരണ വകുപ്പ് പറയുന്നത്. ഈ പരിശോധന എന്ന് പൂര്‍ത്തിയാക്കാനാവും എന്നത് സംബന്ധിച്ച് പോലും വ്യക്തതയില്ല. റോഡ്, ജലവിതരണം, പരിസ്ഥിതി, കൃഷി, ജീവനോപാധി എന്നിവ സംബന്ധിച്ച  വിവിധ വകുപ്പുകള്‍ സെക്ടറല്‍രേഖകള്‍തയ്യാറാക്കി വരുന്നേയുള്ളൂ .അതിന് ശേഷം മാത്രമെ ഈ മേഖലകളില്‍ പുനര്‍നിര്‍മ്മാണത്തിന് വ്യക്തമായ പദധതികള്‍ ഉണ്ടാക്കാനാകൂ എന്ന് വ്യക്തം. 

MORE IN KERALA
SHOW MORE