പൊലീസുകാരെ ആക്രമിച്ച കേസ്; എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാന്‍ ശ്രമം

sfi-worker
SHARE

തിരുവനന്തപുരത്ത് പൊലീസുകാരെ തല്ലിയ കേസില്‍ പ്രധാനപ്രതിയായ എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാന്‍ വിചിത്രവാദവുമായി പൊലീസ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം ഒളിവിലെന്നാണ് പൊലീസ് അറിയിക്കുന്നത്. കേസ് അട്ടിമറിക്കുന്നതായി കാണിച്ച് മര്‍ദനമേറ്റ പൊലീസുകാരന്‍ നല്‍കിയ പരാതിയില്‍ യാതൊരു തുടര്‍നടപടിയും സ്വീകരിച്ചുമില്ല.

  ബുധനാഴ്ച വൈകിട്ടാണ് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐക്കാരെ പിടിച്ചതിന് യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എസ്.എഫ്.ഐക്കാര്‍ കൂട്ടത്തോടെയെത്തി പൊലീസുകാരെ മര്‍ദിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. രണ്ട് ദിവസം കഴിഞ്ഞ് നാല് പ്രതികള്‍ കീഴടങ്ങിയപ്പോള്‍ അതില്‍ നസീം ഉണ്ടായിരുന്നില്ല. പിന്നീട് നസീമിനെ പിടിക്കാന്‍ പൊലീസ് ശ്രമിച്ചുമില്ല. പ്രതിക്ക് രക്ഷപെടാനായി ആറ് ദിവസം സാവകാശം നല്‍കിയ പൊലീസ് ഇപ്പോള്‍ പറയുന്നത് നസീം ഒളിവിലായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ്. ഏഴ് കേസുകളില്‍ വാറണ്ടുള്ള നസീമിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യം ലഭിക്കില്ല. അതുകൊണ്ട് തന്നെ സി.പി.എം ജില്ലാ നേതൃത്വവും പൊലീസും ഒത്തുകളിച്ച് നസീമിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരുക്കേറ്റ പൊലീസുകാര്‍ ആരോപിക്കുന്നത്.

രാഷ്ട്രീയ സമ്മര്‍ദം മൂലം കേസ് പാതിവഴിയില്‍ അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാണെന്നും ആക്ഷേപമുണ്ട്. കേസിലെ അട്ടിമറിശ്രമം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരുക്കേറ്റ ശരത് പരാതി നല്‍കിയിട്ടും മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റ കേസായിട്ടും അന്വേഷണ ചുമതല നേരിട്ട് ഏറ്റെടുക്കാന്‍  കന്റോണ്‍മെന്റ് സി.ഐ തയാറായില്ല. അധിക ചുമതലയുള്ള ഒരു എസ്.ഐയാണ് അന്വേഷിക്കുന്നത്.  ഡി.ജി.പിക്ക് പരാതി നല്‍കാനാണ് പരുക്കേറ്റ പൊലീസുകാരുടെ തീരുമാനം.

MORE IN KERALA
SHOW MORE