നടുറോഡിൽ രാത്രി അഭ്യാസ പ്രകടനം; കാറിടിച്ച് എസ്ഐയുടെ കയ്യൊടിഞ്ഞു; പരിഭ്രാന്തി

kottayam-arrest
SHARE

നാട്ടുകാർക്ക് ഭീഷണി ഉയർത്തി കാറിൽ അഭ്യാസ പ്രകടനം നടത്തിയത് തടയാനെത്തിയ പൊലീസിനു നേരെ ആക്രമണം. കാർ ഇടിച്ച് എസ്ഐയുടെ ഇടതുകൈ ഒടിഞ്ഞു. കോടിമത നല്ലതിൽപുതുപ്പറമ്പ് മുഹമ്മദ് ഷെരീഫ് (ഷാ–31), സുഹൃത്തുക്കളായ ഇല്ലിക്കൽ നൗഷാദ് മൻസിൽ നിഷാദ് (29), വേളൂർ വാഴേപ്പറമ്പ് പനയ്ക്കച്ചിറ അരുൾ മോഹൻ (23) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കാർ പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടിന് കോട്ടയം  തിരുവാതുക്കൽ ഭാഗത്ത് റോഡിലാണ് സംഭവം. ഷെരീഫും സുഹൃത്തുക്കളും സന്ധ്യമുതൽ റോഡിൽ അപകടകരമായ രീതിയിൽ കാറിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.

ഇതുവഴിയെത്തിയ മറ്റുവാഹനങ്ങൾക്ക് ഇതു ഭീഷണിയായതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. എസ്ഐ ടോം മാത്യുവും 2 പൊലീസുകാരും ജീപ്പിലെത്തിയതോടെ മുഹമ്മദ് ഷെരീഫും സുഹൃത്തുക്കളും വാഹനം അമിതവേഗത്തിൽ ഓടിച്ചു കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ കാർ ജീപ്പിൽ രണ്ടു തവണ ഇടിപ്പിച്ചു. ഇവരെ തടയാനായി പുറത്തിറങ്ങിയ എസ്ഐയെ കാർ തട്ടിവീഴ്ത്തിയതോടെയാണ് കയ്യൊടിഞ്ഞതെന്നു പൊലീസ് പറഞ്ഞു. പൊലീസുകാർ വെസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി പ്രതികൾ രക്ഷപ്പെടുംമുൻപേ കസ്റ്റഡിയിൽ എടുത്തു.

കാർ ഇടിച്ച് പൊലീസ് ജീപ്പിന്റെ ഒരുഭാഗം തകർന്നു. മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്നു പൊലീസ് പറഞ്ഞു. മൂവർസംഘം പതിവായി റോഡിൽ അഭ്യാസപ്രകടനം നടത്തുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. പൊലീസിന്റെ ജോലിക്ക് തടസം ഉണ്ടാക്കിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. പരുക്കേറ്റ ടോം മാത്യുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

MORE IN KERALA
SHOW MORE