ഐ.ജി എസ്.ശ്രീജിത്ത് തല്‍ക്കാലം ശബരിമലയിലേക്കില്ല; ഔദ്യോഗിക തിരക്കുകളെന്ന് വിശദീകരണം

sreejith-sabarimala
SHARE

ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത് തല്‍ക്കാലം ശബരിമലയിലേക്കില്ല. മൂന്നാംഘട്ടത്തില്‍ സന്നിധാനത്തെ  ഐ.ജിയായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ചുമതല ഡി.ഐ.ജി  കെ.സേതുരാമന് കൈമാറി. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് മാറ്റമെന്നാണ് പൊലീസിന്റെ വിശദീകരണം. 

ശബരിമലയിലെ സര്‍ക്കാര്‍ നടപടികളില്‍ ഏറ്റവും അധികം വിമര്‍ശനം ഉയര്‍ന്നത് രഹ്ന ഫാത്തിമയ്ക്ക് സുരക്ഷ ഒരുക്കി സന്നിധാനത്ത് എത്തിച്ചതായിരുന്നു. ഇതിന് നേതൃത്വം നല്‍കിയതോടെ തുലാമാസ പൂജ സമയത്ത് സ്പെഷ്യല്‍ ഓഫീസറായിരുന്ന ഐ.ജി ശ്രീജിത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ഇതിന് തൊട്ടുപിന്നാലെ ശബരിമല ദര്‍ശന സമയത്ത് ഐ.ജി കരയുന്ന ചിത്രങ്ങള്‍ പുറത്തായതും വിവാദത്തിന് ആക്കം കൂട്ടി. എന്നാല്‍ ഇന്നലെ ഡിസംബർ 14ന് തുടങ്ങിയ മൂന്നാംഘട്ട സുരക്ഷ വിന്യാസത്തില്‍ സന്നിധാനത്തിന്റെയും പമ്പയുടെയും ചുമതലയുള്ള ഐ.ജിയായി ശ്രീജിത്തിനെ വീണ്ടും നിശ്ചയിച്ചിരുന്നു. പക്ഷെ മറ്റ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റെങ്കിലും ശ്രീജിത്ത് എത്തിയില്ല. 

ശ്രീജിത്തിന് പകരം പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജിയായ കെ. സേതുരാമനെ നിശ്ചയിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ജി. ദിനേന്ദ്ര കശ്യപിനോട് കുറച്ച് ദിവസം കൂടി തുടരാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതോടെ ശ്രീജിത്തിനെ തല്‍കാലത്തേക്ക് ഒഴിവാക്കിയെന്ന് വ്യക്തമായി. ശബരിമലയിലെ പ്രതിഷേധങ്ങള്‍ ഒതുങ്ങിയ സാഹചര്യത്തില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കേണ്ടെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്  നടപടിയെന്നാണ് സൂചന. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളേക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനായി ശ്രീജിത്ത് കൊല്‍ക്കത്തയിലാണ്. ഇത് ഏതാനും ദിവസം കൂടി തുടരുമെന്നതിനാലാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. അവസാനഘട്ടത്തില്‍ വീണ്ടും ചുമതല നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

MORE IN KERALA
SHOW MORE