ആറര കോടി വരുന്ന 9 ആഡംബര കാറുകൾ; 1.17 കോടിയുടെ 117 വാച്ചുകൾ: ലീനയുടെ ജീവിതം

actress-leena-maria-paul-kochi
SHARE

എന്നും വിവാദങ്ങളുടെ തോഴിയാണ് ലീന മരിയ പോള്‍.  ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും  താരം ശ്രദ്ധിക്കപ്പെട്ടത് സാമ്പത്തിക തട്ടിപ്പുകേസുകളിലെ‍ അറസ്റ്റിലൂടെയാണ്.റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ ലീന മരിയ പോൾ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഈ വിവാദ നായികയെ പരിചതമായത് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടെയാണ്. 

പത്തുകോടിയുടെ തട്ടിപ്പു കേസിൽ മലയാളി നടി ലീനയും ബിസിനസ് പങ്കാളി സുകാഷ് ചന്ദ്രശേഖറും നാലു കൂട്ടാളികളും 2015ലാണ് അറസ്റ്റിലാകുന്നത്. സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് (ഇക്കണോമിക് ഒഫൻസസ് വിങ്) ഇവരെ പിടികൂടിയത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനൽകുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിലും ലീനയെയും ശേഖറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2013ലായിരുന്നു ഇത്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കിന്റെ ശാഖയിൽനിന്നു 19 കോടി രൂപ തട്ടിപ്പു നടത്തിയ കേസിൽ സിബിഐ അന്വേഷണവും ആരംഭിച്ചു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐയുടെ ബെംഗളൂരു യൂണിറ്റിനായിരുന്നു അന്വേഷണച്ചുമതല. ബാങ്ക് സമർപ്പിച്ച ഹർജിയിൽ അന്വേഷണം സിബിഐയ്‌ക്കു കൈമാറാൻ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

2013 ജൂണിലാണ് ഇരുവരെയും ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്‌റ്റ് ചെയ്യുന്നത്. പിന്നീട് കോടതി ജാമ്യം നൽകി. ഇവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും അന്വേഷണമുണ്ട്. വെൻഡിങ് മെഷീനുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന ചെന്നൈയിലെ സ്വകാര്യ കമ്പനിയായ ഫ്യൂച്ചർ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ഉപയോഗിച്ചാണ് സുകാഷ് ബാങ്കിൽ തട്ടിപ്പു നടത്തിയത്.

ആറര കോടി വില മതിക്കുന്ന ഒന്‍പത് ആഡംബര കാറുകളാണ് അന്ന് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനൽകുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.മറ്റെരു കേസില്‍ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തപ്പോളും വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു. 1.17 കോടി വിലവരുന്ന ഇറക്കുമതി ചെയ്ത  117  വാച്ചുകളും, 3,50,000 രൂപയും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു. ഔഡി, ബെന്‍സ്, ബെന്‍റ്ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവ പിടികൂടിയ കാറുകളില്‍ ഉള്‍പ്പെടും. മുംബൈ ക്രൈംബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാനായത്. 

5000 മുതല്‍ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് ഇവര്‍ വഞ്ചിച്ചത്. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. പനമ്പള്ളി നഗറിൽ ലീന നടത്തുന്ന സ്ഥാപനത്തിൽ ഇന്നുണ്ടായ വെടിവെപ്പിന് ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ലൈസന്‍സില്ലാതെ ആയുധം കൈവശം വച്ചതിന് മുമ്പ്  ഡല്‍ഹി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

MORE IN KERALA
SHOW MORE