കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം എസ് രമേശന്‍ നായർക്ക്; മലയാളകവിതയുടെ തിരിച്ചുവരവ്

s-rameshan-nair
SHARE

ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം എസ് രമേശന്‍ നായരുടെ ഗുരുപൗര്‍ണമിയ്ക്ക്. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ചൈതന്യം അക്ഷരങ്ങളിലാവാഹിച്ച കാവ്യമാണ് ഗുരുപൗര്‍ണമി. ഗുരു നടത്തിയ സാമൂഹിക പരിഷ്കരണങ്ങളെയും വിമര്‍ശനങ്ങളെയും വിശദമായി പറയുന്ന കൃതി നവോത്ഥാനത്തെക്കുറിച്ചുള്ള മലയാളിയുടെ ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.  മലയാളിയായ അനീസ് സലിമിന്റെ ദി ബ്ലൈൻഡ് ലേഡീസ് സിസെന്റൻസ് എന്ന നോവലിനും അക്കാദമി പുരസ്ക്കാരം ലഭിച്ചു.

ഗുരുപൗര്‍ണമിയെക്കുറിച്ച് മഹാകവി അക്കിത്തത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ, ഇരുപതാംനൂറ്റാണ്ടിലെ അവതാരമായ നാരായണ ഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസിലാക്കിവരുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാകാം ആ ഗുരുദര്‍ശനം പൂര്‍ണമായി സാക്ഷാല്‍ക്കരിക്കപ്പെടുക. ആ നിലയ്ക്ക് ഗുരുപൗര്‍ണമി ഈ നൂറ്റാണ്ടിന്‍റെയല്ല. വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്. അക്കിത്തത്തിന്‍റെ ഈ വാക്കുകള്‍ക്കപ്പുറം ഒരു വിശേഷണം അസാധ്യം. ഋഷിയും കവിയുമായ ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ദാര്‍ശനിക വെളിച്ചത്തെ പിന്തുടരുകയും സ്വയം അതില്‍ അലഞ്ഞുചേരുകയുമാണ് എസ് രമേശന്‍ നായര്‍ ഗുരുപൗര്‍ണമിയില്‍.

ഗുരുദേവന്‍റെ ജീവിതം, ദര്‍ശനം, നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി ഹൃദയം തൊടുന്ന ഭാഷയില്‍ അടയാളപ്പെടുത്തുന്നു. കന്യാകുമാരിയിലെ കല്‍ക്കുളത്ത് നിന്ന് മലയാളത്തിന്‍റെ ഹൃദയത്തിലേയ്ക്ക് കവിതയുമായെത്തിയതാണ് രമേശന്‍ നായര്‍. തിരുക്കുറളും ചിലപ്പതികാരവും സുബ്രഹ്മണ്യഭാരതിയുടെ കവിതകളും തമിഴില്‍ നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റി. ആദ്യമായി അച്ചടിച്ചുവന്ന കവിത താണിക്കുടത്തമ്മ. കവിതകള്‍ക്കും നാടകങ്ങള്‍ക്കും പുറമേ അറുനൂറിലധികം സിനിമാഗാനങ്ങളും മൂവായിരത്തിലധികം ഭക്തിഗാനങ്ങളും രമേശന്‍ നായര്‍ രചിച്ചു. ഗുരുവായൂരപ്പനെ സ്തുതിച്ച് മാത്രം ആയിരത്തിലധികം പാട്ടുകള്‍. 2010 ല്‍ കേരളസാഹത്യ അക്കാദമി പുരസ്കാരം ലഭിച്ചു.  

MORE IN KERALA
SHOW MORE