ഇന്ത്യയെ കണ്ടെത്തല്‍’ എനിക്കുതന്നെ തന്നോളൂ; അല്ലെങ്കില്‍ അതും അടിച്ചുമാറ്റും: ശ്രീചിത്രനെതിരെ ബല്‍റാം

balram-troll3
SHARE

ദീപാ നിശാന്തിന്റെ കവിതാ മോഷണത്തിൽ ശ്രീചിത്രനെതിരെ വി.ടി.ബൽറാം എംഎൽഎയും. പണ്ട് വി.ടി.ബൽറാമിനെ പരിഹസിച്ച് ശ്രീചിത്രനിട്ട  പോസ്റ്റിന് മറുപടിയായിട്ടാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അന്ന് ശ്രീ ചിത്രന്‍റെ പരിഹാസം ഇങ്ങനെ: മുൻപൊരിക്കൽ, വി.ടി.ബൽറാമിന്റെ മണ്ഡലമായ തൃത്താലയിൽ ഞാനൊരു നെഹ്റു അനുസ്മരണ പ്രഭാഷണത്തിനു പോയി. സെക്കുലറിസം, ഭരണഘടന, സയന്റിഫിക് ടെമ്പർ, ഇന്ത്യൻ ജനാധിപത്യം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. ബൽറാമിന്റെ സാന്നിദ്ധ്യത്തിൽ ഒരു കുട്ടിക്ക് ‘ഇന്ത്യയെ കണ്ടെത്തൽ’ നൽകി ആ പുസ്തകത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തുവെന്നും എന്നാൽ ആ പുസ്തകം ഏറ്റവും അനിവാര്യനായിരുന്ന ആൾ തൊട്ടടുത്തുണ്ടായിട്ടും ബുക്ക് ആ കുട്ടിക്ക് മാറിക്കൊടുത്തുപോയെന്നും  ഇപ്പോൾ എത്രയും വേഗം ആ ബുക്ക് അദ്ദേഹത്തിന് നൽകണമെന്നുണ്ട്.  

ഇതിനു മറുപടിയാണ് ഇപ്പോഴത്തെ ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നെഹ്രുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ. എന്റെ കയ്യില്‍ അതിന്റെ കോപ്പി ഇല്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഷെല്‍ഫില്‍ അതിരുന്നാല്‍ അതിലെ ഓരോ പേജും നിങ്ങള്‍ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണെന്നും ബല്‍റാം പറയുന്നു. 

ശ്രീചിത്രനാണ് ദീപ നിശാന്തിന് കലേഷിന്റെ കവിത പകർത്തിയെഴുതിയതെന്ന് ആരോപണമുള്ള പശ്ചാത്തലത്തിലാണ് ബൽറാമിന്റെ പോസ്റ്റ്.

ബൽറാമിന്റെ പോസ്റ്റ് വായിക്കാം:

പ്രിയപ്പെട്ട ശ്രീചിത്രൻ,

നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ. എന്റെ കയ്യിൽ അതിന്റെ കോപ്പി ഇല്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഷെൽഫിൽ അതിരുന്നാൽ അതിലെ ഓരോ പേജും നിങ്ങൾ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണ്.

ശ്രീചിത്രന്റെ പഴയ പോസ്റ്റ്:

മുൻപൊരിക്കൽ, ബൽറാമിന്റെ മണ്ഡലമായ തൃത്താലയിൽ ഞാനൊരു നഹ്റു അനുസ്മരണ പ്രഭാഷണത്തിനു പോയി. സെക്കുലറിസം, ഭരണഘടന, സയന്റിഫിക് ടെമ്പർ, ഇന്ത്യൻ ജനാധിപത്യം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. ബൽറാമിന്റെ സാന്നിദ്ധ്യത്തിൽ ഒരു കുട്ടിക്ക് ‘ഇന്ത്യയെ കണ്ടെത്തൽ’ നൽകി ആ പുസ്തകത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തു.

ഏറെ സന്തോഷമുള്ളൊരു കാര്യമാണ്, ഈ രാജ്യത്തിൽ ഒരു കുട്ടിക്ക് ‘ഇന്ത്യയെ കണ്ടെത്തൽ’ സമ്മാനമായി നൽകുന്നത്. ഈ രാജ്യം എന്താണെന്ന, എങ്ങനെ കണ്ടെത്തപ്പെട്ടതാണെന്ന, എങ്ങനെ ആധുനീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവിന്റെ ആയുധമാണ് നൽകപ്പെടുന്നത്. ആ സന്തോഷം എനിക്കിപ്പോഴും ഓർമ്മയിലുണ്ട്.

ഇന്ന് ബൽറാം എവിടെയാണെന്നെനിക്കറിയില്ല.എവിടെയായാലും പ്രളയം വന്നു പുസ്തകങ്ങൾ കൊണ്ടു പോയിട്ടും വിട്ടു പോകാതെ എന്റെ ഷെൽഫിലുള്ള ഒരു കോപ്പി ഇന്ത്യയെ കണ്ടെത്തൽ എനിക്ക് ബൽറാമിനു നൽകണമെന്നുണ്ട്. ഈ ചിത്രം കാണുമ്പോഴെല്ലാം, ആ പുസ്തകം അനിവാര്യമായും ആവശ്യമുള്ളയാൾ തൊട്ടടുത്തുണ്ടായിട്ടും ഞാൻ ആ കുട്ടിക്ക് മാറിക്കൊടുത്തു പോയല്ലോ എന്ന സങ്കടം എന്നെ വന്നു പൊതിയുന്നു.

MORE IN KERALA
SHOW MORE