പ്രചരിക്കുന്നത് വ്യാജ സർക്കുലർ; പരാതിയുമായി ബിജെപി

bjp
SHARE

ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിക്കുന്നുവെന്നാരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് ബിജെപിയുടെ പരാതി. ശബരിമലയിലെത്താൻ പ്രവർത്തകരോട് നിർദേശിക്കുന്ന സർക്കുലറിൽ അടുത്തമാസം രണ്ടാം തീയതി ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശീലനത്തിന് എത്താനും നിർദേശമുണ്ട്. 

നാല് മണ്ഡലങ്ങളിൽനിന്ന് എത്തിച്ചേരണ്ടവരുടെ എണ്ണവും ചുമതലയുള്ള ജില്ലാ നേതാക്കളുടെ വിവരങ്ങളും അടങ്ങിയതാണ്  സർക്കുലർ. പരിശീലനം നേടിയ പ്രവർത്തകർ കൈസഞ്ചിയിൽ ആവശ്യമായ സാധനങ്ങൾ കരുതണമെന്നും നിർദേശമുണ്ട്. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശിന്റെ പേരും ഒപ്പും സീലും സർക്കുലറിലുണ്ട്. എന്നാൽ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ബിജെപി നടത്തുന്ന സമരത്തെ തകർക്കാനായി രാഷ്ട്രീയ ശത്രുക്കൾ പുറത്തിറക്കിയ വ്യാജ സർക്കുലറാണെന്നാണ് ബിജെപി വിശദീകരണം. 

ജില്ലാ കമ്മിറ്റി ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയശേഷം ആ വിലാസത്തിൽ ലെറ്റർ പാഡ് ജില്ലാ കമ്മിറ്റി ഇതുവരെ അച്ചടിച്ചിട്ടില്ല. എന്നാൽ പ്രചരിക്കപ്പെടുന്ന സർക്കുലറിൽ പുതിയ ഓഫിസിന്റെ വിലാസമാണുള്ളത്. 

MORE IN KERALA
SHOW MORE