‘ചെയ്യേണ്ട ജോലി ചെയ്യാതെ മന്ത്രിയോട് ചൂടാകുന്നോ?’; പൊട്ടിത്തെറിച്ച് ബിജെപി നേതാവ്: വിഡിയോ

an-radhakrishnan-to-yathish-chandra
SHARE

നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട എസ്.പി.യതീഷ് ചന്ദ്രക്കെതിരെ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. സംഭവിച്ചതിങ്ങനെ: നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് ചോദ്യംചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്‌‌തര്‍ക്കമുണ്ടായി. വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വലിയ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചു. ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി പറഞ്ഞു.  എന്നാല്‍ ഉത്തരവിടാനുള്ള അധികാരമില്ലെന്ന് മന്ത്രി പ്രതികരിച്ചു. തനിക്ക് ഇത് സംബന്ധിച്ച് ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 

അപ്പോള്‍ യതീഷ് ചന്ദ്രയുടെ മറുപടി ഇങ്ങനെ: ഇതാണ് പ്രശ്നം. ഇവിടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് പ്രശ്നം. ഇതോടെയാണ് എഎന്‍ രാധാകൃഷ്ണന്‍ ക്ഷോഭിച്ചത്. തങ്ങളുടെ ഉത്തരവാദിത്തപ്പെട്ട കാര്യങ്ങള്‍ ചെയ്യാതെ മന്ത്രിയോട് ചൂടാകുകയാണോ എന്ന് ചോദിച്ചായിരുന്നു രോഷം. വിഡിയോ കാണാം.

യുവതീ പ്രവേശ വിഷയത്തിൽ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് എസ്പി യതീഷ് ചന്ദ്രക്കെതിരെ പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലും രംഗത്തെത്തി. യതീഷ് ചന്ദ്ര മന്ത്രിയോട് മോശമായി പെരുമാറിയെന്നും എസ്പിയെ മാറ്റണമെന്നും മന്ത്രിക്കൊപ്പമുണ്ടായിരുന്ന എ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എസ്പിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകും. മന്ത്രി കറുത്തതായതുകൊണ്ടാണ് വെളുത്തു തുടുത്തു നില്‍ക്കുന്ന എസ്പിക്ക് പുച്ഛം. ഇന്നലെ രമേശ് ചെന്നിത്തല വന്നപ്പോള്‍ ഓഛാനിച്ച് നിന്നയാളാണ് കേന്ദ്രമന്ത്രിയോട് ഇങ്ങനെ പെരുമാറിയത്– അദ്ദേഹം പറഞ്ഞു.

യതീഷ് ചന്ദ്ര മോശമായാണു മന്ത്രിയോടു പെരുമാറിയത്. മന്ത്രിയെ നിങ്ങൾ എന്നു വിളിച്ചു. മന്ത്രിയെന്ന നിലയിൽ മാന്യമായി സംസാരിക്കണമെന്നു പറഞ്ഞപ്പോൾ തന്റെ നേരെ മസിലു പിടിച്ചു നിന്നു. മോശമായ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.  

യുവതീ പ്രവേശനത്തില്‍ നിലപാട് പറയാതെയായിരുന്നു കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ ശബരിമല സന്ദർശനം. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തതിനെ ചോദ്യം ചെയ്ത മന്ത്രി കെ എസ് ആർ ടി സി യിൽ യാത്ര ചെയ്താണ് പമ്പയിലെത്തിയത്. ഭക്തരോട് ക്രൂരമായാണ് പൊലീസ് പെരുമാറുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

തീർഥാടകരോട് പൊലീസ് മോശമായാണ് പെരുമാറുന്നതെന്നും ഏറ്റവും മോശം സ്ഥിതിയാണ് ശബരിമലയിൽ നില നിൽക്കുന്നതെന്നും കുറ്റപ്പെടുത്തിയ മന്ത്രി പക്ഷേ യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. പിന്നീട് കെ എസ് ആർ ടി സി ബസിൽ പമ്പയിലെത്തിയ മന്ത്രി ഇവിടെയും തീർഥാടകരുമായി സംസാരിച്ചു. പരമാവധി നേതാക്കളെ എത്തിച്ച് ശബരിമല വിഷയം സജീവമാക്കി നിർത്താനുള്ള ബി ജെ പി തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം.

MORE IN KERALA
SHOW MORE