‘ചിരിയുടെ സന്നിധാനത്ത്’: ഞങ്ങൾ ഭക്തർക്കൊപ്പം; പൊലീസിന്‍റെ ശബരിമലച്ചിത്രങ്ങൾ

sabari-police
SHARE

ശബരിമലയിൽ തീർത്ഥാടകരുടെ സഹായത്തിനെത്തുന്ന പൊലീസിന്‍റെ ചിത്രങ്ങൾ വൈറൽ. കേരള പൊലീസ് ഭക്തർക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശബരിമലയിലെത്തുന്ന പ്രായമായവരെയും കുട്ടികളെയും സഹായിക്കാനെത്തുന്ന ചിത്രങ്ങൾ പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. 

ശബരിമലയിലെ ക്രമീകരണങ്ങള്‍ സുഗമവും സുരക്ഷിതവുമായ തീർത്ഥാടനത്തിനായാണെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു. പൊലീസിന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
''ശബരിമലയിലെ ക്രമീകരണങ്ങള്‍ സുഗമവും സുരക്ഷിതവുമായ തീർത്ഥാടനത്തിനായി...

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പോലീസിന്‍റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിവന്നു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തിട്ടുള്ള എല്ലാ ഭക്തര്‍ക്കും അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തിട്ടുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് ആവശ്യമായത്ര സമയം സന്നിധാനത്ത് തങ്ങാന്‍ അവസരം നല്‍കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത് എല്ലാ ദിവസവും രാവിലെ 3.15 മുതല്‍ പകല്‍ 12.30 വരെ നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട് എന്നാണ്. അപ്പം, അരവണ എന്നിവയും ആവശ്യക്കാര്‍ക്ക് യഥേഷ്ടം ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലക്ഷക്കണക്കിന് ആരാധകര്‍ എത്തുന്ന ശബരിമലയില്‍ എല്ലാവര്‍ക്കും തുല്യഅവസരം ലഭിക്കുന്നതിനായി പോലീസ് സഹായം നല്‍കിവരുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം ലഭിക്കണമെങ്കില്‍ ആരേയും കൂടുതല്‍ നേരം സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കാന്‍ കഴിയില്ല. 

ക്രമിനല്‍ നടപടിചട്ടം 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആള്‍ക്കാരോ അനുസരിക്കേണ്ടതായ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കാനാണ് ക്രിമിനല്‍ നടപടിചട്ടം 144 പ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളും നിലവിലെ അവസ്ഥയും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും പരിഗണിച്ച് ശബരിമലയിലും പരിസരങ്ങളിലും ജാഥ, പ്രകടനങ്ങള്‍, ധര്‍ണ എന്നിവ നടത്തുകയോ തീര്‍ത്ഥാടകരെ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സുരക്ഷാഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതിനോ ഭക്തര്‍ ആരാധന നടത്തുന്നത് തടയുന്നതിനോ വേണ്ടിയല്ല.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം പമ്പ ബേസ്ക്യാമ്പ് ആയി ഉപയോഗിക്കാനാവാത്ത നിലയിലാണ്. പമ്പയില്‍ നേരത്തെ ഉണ്ടായിരുന്ന താമസസൗകര്യങ്ങളും മറ്റും ഇപ്പോള്‍ നിലവില്‍ ഇല്ല. തീര്‍ത്ഥാടകരെ സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പായി താല്‍ക്കാലികമായി പോലും പമ്പയില്‍ തങ്ങുന്നതിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമല്ല. പരിമിതമായ സൗകര്യങ്ങള്‍ മാത്രം ലഭ്യമായ നിലയ്ക്കലിലേയ്ക്ക് ബേസ്ക്യാമ്പ് മാറ്റിയിട്ടുണ്ട്. പരമാവധി 6,000 പേരെ മാത്രമേ അവിടെ ഉള്‍ക്കൊള്ളാനാവൂ. പരമാവധി 10,000 പേര്‍ക്കുള്ള സൗകര്യം ലഭ്യമാക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ ഇത് തികച്ചും അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ നിലയ്ക്കലില്‍ എത്തുന്ന ഭക്തരെ അവിടെനിന്ന് തുടര്‍ച്ചയായി കുറഞ്ഞ സമയത്തിനുള്ളില്‍ കടത്തിവിടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സന്നിധാനത്ത് തിരക്ക് കുറയ്ക്കാനും പരമാവധി തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനും കഴിയൂ. അതുപോലെതന്നെ, തീര്‍ഥാടകര്‍ എത്രയും വേഗം ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ എത്തി അവിടെ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ മടങ്ങിയാലേ പുതുതായി നിലയ്ക്കലിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവും അവയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനസൗകര്യവും ലഭ്യമാകുകയുള്ളൂ. അതിനുവേണ്ടിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സന്നിധാനത്ത് ഭക്തര്‍ക്ക് നിര്‍ദ്ദിഷ്ടസ്ഥലങ്ങളില്‍ താമസിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ നിര്‍ദ്ദേശ പ്രകാരം തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതും ബുക്ക് ചെയ്തയാള്‍ക്കും ഒപ്പമുള്ളവര്‍ക്കും നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ അവിടെ താമസിക്കാവുന്നതുമാണ്.

സുരക്ഷാപരമായ കാരണങ്ങളാലും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനും നടപ്പന്തല്‍, സോപാനം, വടക്കേനട, ഫ്ളൈ ഓവര്‍, പതിനെട്ടാംപടിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ എന്നിവ അതിസുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്യഭിഷേകവഴിപാട് നടത്താനുള്ള ഭക്തര്‍ക്ക് തങ്ങുന്നതിനും വിശ്രമിക്കുന്നതിനുമായി സന്നിധാനത്തും പരിസരത്തും നിശ്ചിതസ്ഥലങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വൃദ്ധര്‍, മറ്റ് ശാരീരികബുദ്ധിമുട്ടുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കാനും ശ്രദ്ധിക്കുന്നുണ്ട്. വെള്ളം, ടോയ്ലെറ്റ് സൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലഭ്യമാക്കുന്ന താമസസൗകര്യങ്ങളും ഉപയോഗിക്കാവുന്നതാണ്. ശബരിമല ക്ഷേത്രത്തിന്‍റെ സുരക്ഷയ്ക്കായുള്ള ഈ നടപടികളുമായി ഭക്തജനങ്ങള്‍ സഹകരിക്കണം.

സോപാനം, മാളികപ്പുറം, ഫ്ളൈഓവര്‍, പതിനെട്ടാംപടിക്ക് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം ഉണ്ടാകാതിരിക്കാന്‍ ഷൂസ്, ബെല്‍റ്റ് എന്നിവ ധരിക്കേണ്ടതില്ല. മറ്റ് സ്ഥലങ്ങളില്‍ ഇത്തരം പരിമിതികള്‍ ഇല്ലാത്തതിനാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം കണക്കാക്കിയും ക്രമസമാധാനനില നിലനിര്‍ത്തുന്നതിനുവേണ്ടിയും ആവശ്യമായ യൂണിഫോം ധരിക്കേണ്ടതാണ്. ഭക്തരെ സ്വാമി എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സാമാന്യമര്യാദപ്രകാരം ഉചിതമായ വാക്കുകള്‍ അഭിസംബോധനയ്ക്ക് ഉപയോഗിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ട്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ക്രമസമാധാന നില ഉറപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജനങ്ങളുടേയും ആരാധനാലയത്തിന്‍റേയും സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്തര്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിഭാഗം വ്യക്തികളും സംഘങ്ങളും ധര്‍ണയും വഴിതടയലും പ്രകടനവും നടത്തുകയും പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയുകയും അതുവഴി തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരേ നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ നടപടി.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ക്രമസമാധാനം കാത്തുസൂക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സുഗമമായ തീര്‍ത്ഥാടനത്തിന് തടസ്സമുണ്ടാക്കുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരേ നടപടിയെടുക്കാനും കേരള പോലീസ് പ്രതിജ്ഞാബദ്ധമാണ്.

MORE IN KERALA
SHOW MORE