സന്നിധാനത്ത് അറസ്റ്റ് ആദ്യം, അവരെ കൊണ്ടുപോയത് എങ്ങോട്ട് ?

sannidanam-arrest
SHARE

ശബരിമല സന്നിധാനത്തു ശരണം വിളിച്ച തീർഥാടകരെ അറസ്റ്റ് ചെയ്യുന്നത് ആദ്യം. അയ്യപ്പന്മാർ ശരണം വിളിച്ചതോടെ ഷീൽഡും ലാത്തിയുമായി പൊലീസ് ഓട‌ിയടുത്തു. നിരോധനാജ്ഞ ഉള്ളതിനാൽ ഒരു കാരണവശാലും ശരണംവിളിക്കാൻ പറ്റില്ലെന്നായിരുന്നു എസ്പി പ്രതീഷ് കുമാറിന്റെ നിലപാട്. അറസ്റ്റ് ചെയ്തവരെ പമ്പയിലേക്കു നടത്തിയാണ് കൊണ്ടുപോയത്. സായുധരായ വൻ പൊലീസ് സംഘത്തിന്റെ  അകമ്പടിയുണ്ടായിരുന്നു. മരക്കൂട്ടം, പമ്പ, ചെളിക്കുഴി, ത്രിവേണി എന്നിവിടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു.

അറസ്റ്റിലായ ആദ്യസംഘത്തെ സ്വാമി അയ്യപ്പൻ റോഡിലൂടെ ചെളിക്കുഴിയിൽ എത്തിച്ച് രാത്രി ഒരുമണിയോടെ പൊലീസ് ബസിൽ കയറ്റി. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയിച്ചതുമില്ല. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത് റാന്നിയിലെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ചിറ്റാറിലെയും പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ചപ്പോൾ വൻപ്രതിഷേധം ഉണ്ടായ സാഹചര്യം ഇക്കുറി ആവർത്തിക്കരുതെന്ന തീരുമാനത്തിലാണു പൊലീസ്. 

അറസ്റ്റിനെ തുടർന്ന് അർധരാത്രി തന്നെ കേരളമെങ്ങും പ്രതിഷേധം നടന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അർധരാത്രി തന്നെ മാർച്ച് നടത്താൻ ശബരിമല കർമസമിതി നിർദേശം നൽകി.

നെയ്യഭിഷേകത്തിന് അവസരം നൽകിയ ശേഷമേ അറസ്റ്റ് ചെയ്ത് നീക്കാവൂ എന്നു ഭക്തർ പറഞ്ഞെങ്കിലും പൊലീസ് വിസമ്മതിച്ചു. തുടർന്നു ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ താഴെവീണ കട്ടപ്പന സ്വദേശിയായ തീർഥാടകൻ മനോജിനെ പൊലീസ് ബൂട്ടിട്ടു ചവിട്ടിയെന്ന് ആരോപണമുയർന്നു. ഇതെ ചൊല്ലി തീർഥാടകരും എസ്പിയുമായി തർക്കമായി. മനോജിനെ പിന്നീടു സന്നിധാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരോധനാജ്ഞയുള്ളതിനാലാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു. സന്നിധാനത്തു വിരിവച്ചിരുന്ന എല്ലാ തീർഥാടകരെയും രാത്രി ഒരു മണിയോടെ പൊലീസ് നീക്കി.

നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് എസ്‌പി

പൊലീസ് നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും നിരോധനാജ്ഞ നിലനിന്ന സ്ഥലത്ത് നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ്പി പ്രതീഷ്‌കുമാർ. നാമജപം നടത്തുന്നതിന് പൊലീസ് എതിരല്ല. പക്ഷേ കൂട്ടമായെത്തി പ്രതിഷേധ സ്വരമുയർത്തുന്നത് 144 പ്രഖ്യാപിച്ചിട്ടുള്ള മേഖലയിൽ സാധ്യമല്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഹരിവരാസനം കഴിയുമ്പോൾ മടങ്ങുമെന്നു പറഞ്ഞവർ പിന്നീടും പിൻമാറാതെ വന്നതോടെയാണു പൊലീസിനു നിയമനടപടി സ്വീകരിക്കേണ്ടി വന്നതെന്ന് എസ്‌പി പറഞ്ഞു

MORE IN KERALA
SHOW MORE