വിധി നടപ്പാക്കാന്‍ പിടിവാശിയില്ല; സ്ത്രീകളെ മലകയറ്റാന്‍ ശ്രമിക്കുന്നില്ല: പിണറായി

cm
SHARE

ശബരിമലയില്‍ അറസ്റ്റിലായത് ഭക്തരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമുണ്ടാക്കാന്‍ എത്തിയ ആര്‍.എസ്.എസ്. സംഘത്തെയാണ് പൊലിസ് നീക്കിയത്.  ശബരിമല വാര്‍ത്തകളില്‍ തെറ്റുപറ്റിയോ എന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണം. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും സ്ത്രീകളെ മലകയറ്റാന്‍ ശ്രമിക്കുന്നില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. 

ഇന്നലെ രാത്രിയുണ്ടായ അറസ്റ്റിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന തരത്തിലാണ് പ്രചാരണം. ഇത് പാടേതള്ളിയ പിണറായി വിജയന്‍, സംഘര്‍ഷമുണ്ടാക്കാന്‍ എത്തിയ ആര്‍എസ്എസ് സംഘത്തെയാണ് പൊലിസ് നീക്കം ചെയ്തതെന്ന് വിശദീകരിച്ചു. ശബരിമല വാര്‍ത്തകളില്‍ തെറ്റുപറ്റിയെങ്കില്‍ മാധ്യമങ്ങള്‍ ശരിയായ നയം സ്വീകരിക്കണം. വാര്‍ത്താ വിന്യാസം എന്തിനെയാണ് പ്രോല്‍സാഹിപ്പിക്കുന്നത് എന്ന് ചിന്തിക്കണം. ശബരിമലയിലെ യുവതീ പ്രവേശത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്യം ഉണ്ടെന്നാണ് സുപ്രീംകോടതി പറയുന്നത്. കോടതിയ്ക്കൊപ്പം നില്‍ക്കാതെ സര്‍ക്കാരിന് തരമില്ല. കോടതി മറിച്ചു പറഞ്ഞാല്‍ അതും അനുസരിക്കും. 

ഉദ്ഘാടനം കഴിഞ്ഞിറങ്ങിയ വാഹന വ്യൂഹത്തിന് മുന്നിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാടിവീണ് പ്രതിഷേധിച്ചു. മുദ്രാവാക്യം മുഴക്കി. രണ്ടു പേരെ ഉടന്‍ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെ മുഖ്യമന്ത്രിക്കെതിരെ നാമജപ പ്രതിഷേധവും അരങ്ങേറി. സി.എച്ച് ഓവര്‍ ബ്രിഡ്ജിന് സമീപത്തും കരിങ്കോടി കാട്ടാന്‍ ശ്രമമുണ്ടായെങ്കിലും പൊലിസ് ഇവരെ നീക്കം ചെയ്തു.  

MORE IN KERALA
SHOW MORE