വിധി നടപ്പാക്കാന്‍ പ്രായോഗിക വഴി തേടൂ; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

sabari-high-court-new
SHARE

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ ആലോചിക്കണമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുക, പ്രത്യേക ദിവസം ദര്‍ശനത്തിന് അനുമതി നല്‍കുക തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സന്നിധാനത്ത് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയേയും കോടതി ന്യായീകരിച്ചു.

ശബരിമലയില്‍ യഥാര്‍ഥ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ ആവശ്യമായ സാഹചര്യമൊരുക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ്,  യുവതീപ്രവേശ വിധി നടപ്പാക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്തണം. മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കരുത്.  അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഹകരിക്കണം. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

സ്ത്രീകളേയും കുട്ടികളേയും ഭിന്നശേഷിയുള്ളവരേയും നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കണം. നെയ്യഭിഷേകത്തിനായി സന്നിധാനത്ത് തങ്ങുന്ന ഭക്തരെ രാത്രി  തിരിച്ചയക്കരുത്. നെയ്യഭിഷേകത്തിനെത്തുന്ന ഭക്തരെ രാത്രി മടക്കി അയക്കില്ലെന്ന് എജി കോടതിക്ക് ഉറപ്പുനല്‍കി. വാക്കാലുള്ള ഉറപ്പുപോരെന്നും ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

സന്നിധാനത്തെ സമയനിയന്ത്രണത്തെ കോടതി ന്യായീകരിച്ചു. ലക്ഷക്കണത്തിന് ഭക്തര്‍ ഓരോദിവസവും എത്തുന്ന ശബരിമലയില്‍ ദര്‍ശനം നടത്തിയവര്‍ മാറിയാലേ പിന്നിലുള്ളവര്‍ക്ക് അതിനു കഴിയൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

ശബരിമലയിലെ ഇടപെടലുകളില്‍ പൊലീസ് മേധാവിയുടെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ അടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. ആവശ്യമെങ്കില്‍ കേസില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്രമസമാധാനത്തില്‍ വിട്ടുവീഴ്ച വേണ്ട; ഭക്തരെ ബുദ്ധിമുട്ടിക്കരുത്

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടപ്പന്തല്‍ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണെന്നും പൊലീസിന്റെ സ്ഥാനം ബാരക്കിലാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ പൊലീസിന്റെ ഇടപടലിനെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

പൊലീസ് ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള നടപ്പന്തലില്‍ വെള്ളം പമ്പ് ചെയ്യാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ആരാഞ്ഞു.  സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെട്ട ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് നിയന്ത്രണങ്ങള്‍ സൃഷ്ടിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനക്കൂട്ടത്തെ നിയന്ത്രിച്ച് മുന്‍പരിചയമുണ്ടോ എന്ന് കോടതി ചോദിച്ചു. കേസില്‍ ഉച്ചയ്ക്കുശേഷം അഡ്വക്കറ്റ് ജനറല്‍ നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. 

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശബരിമലയില്‍ ആസൂത്രിതമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഉച്ചയ്ക്കുശേഷം ഹാജരായ എജി വിശദീകരിച്ചു. ശബരിമലയിലേക്ക് ഓരോ ദിവസവും സംഘമായി എത്തണമെന്ന ബിജെപി സര്‍ക്കുലറും എജി ഹാജരാക്കി. ഓരോ പാര്‍ട്ടിക്കാര്‍ക്കും അവരവരുടേതായ അജന്‍ഡകള്‍ ഉണ്ടാകുമെന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതല്ല വിഷയമെന്നും കോടതി വ്യക്തമാക്കി. ക്രമസമാധാനപാലനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും സുരക്ഷയുടെ പേരില്‍ യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോനും എന്‍.എനില്‍കുമാറും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. 

പൊലീസിന്റെ അതിപ്രസരം മൂലം ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യമാണെന്ന് ഹര്‍ജിക്കാരിലൊരാള്‍ വാദിച്ചപ്പോള്‍ അതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. ശബരിമലയിലെ പൊലീസിന്റെ നിയന്ത്രണങ്ങള്‍ എന്തൊക്കെ? പൊലീസ് നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതാരാണ് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് വെള്ളിയാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കി. 

MORE IN KERALA
SHOW MORE