ശശികല ‘സ്ഥിരംകുറ്റവാളി’യെന്ന് പൊലീസ്: കോടതി അനുവദിച്ചില്ല

sasikala-on-pinarayi
SHARE

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയ്ക്കെതിരെ പൊലീസ് ചുമത്തിയ സിആർപിസി 110 ഇ (സ്ഥിരം കുറ്റവാളി) വകുപ്പു കോടതി അനുവദിച്ചില്ല. ഈ വകുപ്പു നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയ തിരുവല്ല സബ് ഡിവിഷനൽ മജിസ്ട്രേട്ട്, നിയമലംഘനം സംബന്ധിച്ച 107–ാം വകുപ്പു മാത്രം ചുമത്തിയാണു ജാമ്യം അനുവദിച്ചത്. ഡിസംബർ മൂന്നിനു സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദേശിച്ചു

ശശികലയുടെ അറസ്റ്റിനെത്തുടർന്നു പൊലീസ് നേരിട്ടതു കടുത്ത പ്രതിഷേധമായിരുന്നു. വെള്ളിയാഴ്ച സന്ധ്യക്ക് 7 മണിയോടെയാണ് 3 പേർക്കൊപ്പം ശശികലയെ ശബരിമല മരക്കൂട്ടത്തുനിന്നാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. പുലർച്ചെ 1.45ന് അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെ റാന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ അവർ ഉപവാസം പ്രഖ്യാപിച്ചു. ശബരിമലയ്ക്കു പോകാതെ ഉപവാസം അവസാനിപ്പിക്കില്ലെന്നും അറിയിച്ചു. ഇതറിഞ്ഞ് രാവിലെ മുതൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി നാമജപം തുടങ്ങി. പൊലീസ് പലതവണ ചർച്ച നടത്തിയെങ്കിലും ശശികലയെ ശബരിമല ദർശനത്തിനായി മരക്കൂട്ടത്തു തിരിച്ചെത്തിക്കണമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു

സ്റ്റേഷനിൽനിന്നു ജാമ്യത്തിൽ വിടാമെന്നും പിന്നീട് അവർ ശബരിമലയ്ക്കു പോകട്ടെ എന്നുമാണു പൊലീസ് അറിയിച്ചത്. പത്തനംതിട്ട ഡിവൈഎസ്പി എസ്. ഷെഫീക്കും സന്തോഷ്കുമാറും ചേർന്ന് നേതാക്കളുമായി തുടർന്നും അനുരഞ്ജന നീക്കം നടത്തി.  ഒന്നരയോടെ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ടി. നാരായണനുമായി ചർച്ച തുടർന്നെങ്കിലും തീരുമാനമായില്ല. തിരുവല്ല ആർഡിഒ കോടതിയിൽ ഹാജരാക്കുമെന്നും അതിനു ശേഷമുള്ള കാര്യങ്ങൾ ശശികലയ്ക്കും നേതാക്കൾക്കും തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു.

പ്രവർത്തകരെ ബലമായി നീക്കിയശേഷം ശശികലയെ കൊണ്ടുപോകാൻ ഇതിനിടെ പൊലീസ് തയാറെടുപ്പു തുടങ്ങി. അഡീഷനൽ തഹസിൽദാരെ പൊലീസ് സ്റ്റേഷനിലേക്കു വരുത്തുക കൂടി ചെയ്തതോടെ അന്തരീക്ഷം വലിഞ്ഞുമുറുകി. ജില്ലാ പൊലീസ് മേധാവി നേതാക്കളുമായി അവസാനം നടത്തിയ ചർച്ചയിലാണ് തിരുവല്ല കോടതിയിൽ ഹാജരാക്കിയ ശേഷം ശബരിമലയ്ക്കു പോകാൻ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചത്. ശശികലയും നേതാക്കളും ഇതിനോടു യോജിച്ചതോടെയാണു സ്ഥിതി അയഞ്ഞത്. 25000 രൂപയ്ക്കും രണ്ടു പേരുടെ ആൾ ജാമ്യത്തിനുമാണു മോചനം.

MORE IN KERALA
SHOW MORE