യൂസഫലിക്ക് ഡോക്ടറേറ്റ്; ഇന്ത്യ–യുഎഇ ബന്ധം ദൃഢമാക്കിയെന്ന് യുഎഇ മന്ത്രി

yusuf-ali
SHARE

വ്യവസായി എം.എ.യൂസഫലിക്ക് ബ്രിട്ടനിലെ മിഡിൽസെക്സ് സർവകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം. വാണിജ്യ വ്യവസായ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ദുബായിൽ സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ വെച്ച് യുഎഇ സഹിഷ്ണതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ യൂസഫലിക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ-ട്രയിനിംഗ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. തയ്യിബ് കമാലി, അമാനത്ത് ഹോൾഡിംഗ് ചെയർമാൻ ഹമദ് അബ്ദുള്ള അൽ ഷംസി, പ്രോ വൈസ് ചാൻസലർ ഡോ. സെഡ്വിൻ ഫെർണാണ്ടസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് യൂസഫലി വഹിച്ചതെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. വാണിജ്യ മേഖലയിലെ അഗ്രഗണ്യനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് യൂസഫലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് ഷെയ്ഖ് നഹ്യാൻ ചടങ്ങിൽ പറഞ്ഞു. വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ പൗരന്മാരുടെ മൂല്യങ്ങളിൽ നിക്ഷേപിക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കാത്ത ഒരു നടപടിക്രമമാണ്. ഈ ലോകത്തിന്റെ ഭാവിപ്രതീക്ഷ വളർന്നു വരുന്ന പുതിയ തലമുറയിലാണെന്നും സർവകലാശാലയുടെ വാർഷിക ബിരുദദാനചടങ്ങിൽ ഷെയ്ഖ് നഹ്യാൻ പറഞ്ഞു. 

മുന്നൂറോളം വിദ്യാർഥികൾക്ക് ഷെയ്ഖ് നഹ്യാൻ ബിരുദദാനം നിർവഹിച്ചു. 

MORE IN KERALA
SHOW MORE