തൃപ്തി പുണെയ്ക്ക് പോകും; ശബരിമല കാണില്ല: മുന്നറിയിപ്പുമായി നേതാക്കള്‍: വിഡിയോ

kochi-airport-sabarimala
SHARE

ശബരിമല സന്ദർശനത്തിനെത്തിയ തൃപ്തി ദേശായി തിരിച്ചു പൂണെയ്ക്ക് പോകും. അതല്ലാതെ ശബരിമലയ്ക്ക് പോകാമെന്ന് കരുതി അവർ കാത്തിരിപ്പ് തുടരേണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി.ബാബു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവേശനകാവാടത്തിലിരുന്ന് പ്രതിഷേധിച്ചവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ പ്രതിഷേധം വളർന്നതോടെയാണ് നേതാക്കൾ ഇടപെട്ട് സ്ഥിതി ശാന്തമാക്കിയത്. പ്രധാനകവാടത്തിൽ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധം. ഇതു മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടായതോടെയാണ് പ്രതിഷേധം മറ്റൊരിടത്തേക്ക് മാറ്റാൻ നേതാക്കൾ തീരുമാനിച്ചത.് എന്തു വന്നാലും തൃപ്തി ദേശായി മടങ്ങി പോകും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. പൊലീസിന്റെ ഭാഗത്ത് നിന്ന് അക്രമുണ്ടായാലും ആരും തിരിച്ചുപ്രതികരിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 

ശബരിമല സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് ആറുമണിക്കൂര്‍ പിന്നിട്ടിട്ടും നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്തിറങ്ങാനായില്ല. രാവിലെ 4.40നാണ് പുണെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തിയും ആറ് വനിതകളും നെടുമ്പാശേരിയിലെത്തിയത്.  പുറത്തുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് തൃപ്തി ദേശായി വിമാനത്താവളത്തില്‍ത്തന്നെ കഴിയുന്നത്.  

വിമാനത്താവളത്തിന്‍റെ ആഭ്യന്തര ടെര്‍മിനല്‍ വളഞ്ഞിരിക്കുകയാണ് പ്രതിഷേധക്കാര്‍. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തിനെ ബാധിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ കഴിയുന്നില്ല. തൃപ്തി ദേശായിക്കു വേണ്ടി വാഹമോടിക്കാന്‍ വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാരാരും തയാറായില്ല. വഴിയിലുടനീളം പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഡ്രൈവര്‍മാര്‍ അസൗകര്യം അറിയിച്ചത്. 

ഓണ്‍ലൈന്‍ ടാക്സി വിമാനത്താവളത്തിലെത്തിയെങ്കിലും പ്രതിഷേധം കണ്ട് മടങ്ങി. ശബരിമല ദര്‍ശനം നടത്തുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൃപ്തി ദേശായി. തൃപ്തിയെ വിമാനത്താവളത്തിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തിയെ അനുനയിപ്പിച്ച് തിരികെ അയയ്ക്കാനുള്ള പൊലീസ് നീക്കവും വിജയിച്ചില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.

MORE IN KERALA
SHOW MORE