പ്രളയാനന്തരകേരളത്തിലെ ക്ഷീരവിപ്ലവം; വയനാടന്‍ മലയിറങ്ങിയ നന്‍മ: അഭിമുഖം

donate-a-cow
SHARE

‘മൊയ്തുവും ഭാര്യ നബീസയും പശുക്കളെ വളർത്താൻ തുടങ്ങിയിട്ട് വർഷം 50 കഴിഞ്ഞു. ഏഴോളം പശുക്കളെ വളരെ സ്നേഹത്തോടെ ആ ദമ്പതികൾ പരിപാലിച്ചു പോന്നു. ആ സ്നേഹത്തിന് പകരമായി ദിവസം അൻപതു ലിറ്ററോളം പാൽ പശുക്കള്‍ തിരികെ നൽകി. എന്നാൽ നൻമജീവിതത്തിന് മുകളിൽ കൂടിയായിരുന്നു മഹാപ്രളയം പെയ്തിറങ്ങിയത്. മാറ്റിയുടുക്കാൻ ഒരു ഉടുതുണി പോലും ബാക്കി വയ്ക്കാതെ പെരുവെള്ളം അവരുടെ ജീവിതവും ജീവന്റെ ജീവനായ ആ മിണ്ടാപ്രാണികളെയും കൊണ്ടുപോയി..’ വാക്കുകളിൽ ഹർഷ ഇടറുണ്ടായിരുന്നു. മഹാപ്രളയത്തെ കേരളം അതിജീവിക്കുന്നത് ഇങ്ങനെയുള്ള ഒട്ടേറെ ഹർഷമാരിലൂടെയാണ്. ആ അനുഭവങ്ങളിൽ നിന്നും കേരളത്തിന് തന്നെ മാതൃകയാകുകയാണ് ‘ഡൊണേറ്റ് ഏ കൗ’ എന്ന ആശയം. വയനാട് കൽപ്പറ്റ ക്ഷീരവികസന ഒാഫിസറായ വി.എസ് ഹർഷ മനോരമ ന്യൂസ് ഡോട്ട്കോമിനോട് അനുഭവങ്ങൾ പറയുന്നു.

2018 ആഗസ്ത് ഒൻപതിന് വ്യാഴാഴ്ചയാണ് മൊയ്തുവിന്റെ ജീവിതം തന്നെ പ്രളയം കവർന്നത്. കിലോമീറ്റുകൾക്ക് അകലെ നിന്നാണ് ജീവനുതുല്യം സ്നേഹിച്ച് വളർത്തിയ പശുക്കളുടെ ജഡം കിട്ടിയത്.  മൊയ്‌തുക്കയുടെ ദുരിതം കണ്ടു മടങ്ങിയപ്പോൾ മനസിൽ തോന്നിയിരുന്നു ആ കർഷകനെ സഹായിക്കണമെന്ന്. വയനാട്ടിൽ പെയ്തിറങ്ങിയ പേമാരിയിൽ ഇങ്ങനെ ഒട്ടേറെ മൊയ്തുമാർ ഉണ്ടായിരുന്നു. നമ്മളെ കൊണ്ട് പറ്റുന്നതെല്ലാം അവർക്കായി ചെയ്യണം എന്ന് ഞാനും എന്റെ സഹപ്രവർത്തകരും തീരുമാനിച്ചു. ആ തീരുമാനത്തിൽ നിന്നും പിരിവിട്ട് ഞങ്ങൾ മൊയ്തുവിന് ഒരു പശുവിനെ വാങ്ങി നൽകി. 

donate-a-cow-1

പക്ഷേ ആ ഒരു പശുവിൽ തീരുന്നതായിരുന്നില്ല വയനാടിന്റെ വിശപ്പ്. ആ തിരിച്ചറിവ് ഞങ്ങളെ ഏറെ അസ്വസ്ഥരാക്കി. അതിജീവന കേരളത്തിനായി എന്തു ചെയ്യാൻ കഴിയും എന്ന ആലോചനയാണ് ‘ഡൊണേറ്റ് എ കൗ’ എന്ന ആശയത്തിലേക്ക് എത്തുന്നത്. അങ്ങനെ ഇൗ ആശയം സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ സഹായക്കൈനീട്ടി ഒട്ടേറെ പേരെത്തി. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും പലരും പിന്തുണച്ചു. ഗുജറാത്ത്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി പശുക്കളെ പലരും സംഭാവന ചെയ്തു. ഇത്തരത്തിൽ വയനാട് ജില്ലയിൽ മാത്രം 101 കാലികളെയാണ് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത്. ഇതെല്ലാം പൂർണമായും സൗജന്യമായിരുന്നെന്നും ഹർഷ പറയുന്നു. 

donate-a-cow-2

ഇൗ നല്ല ആശയത്തിന് വയനാട് ജില്ലാ ഭരണകൂടവും തൊട്ടുപിന്നാലെ കേരള സർക്കാരും പിന്തുണ നൽകി. ഇത് വയാനാട്ടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല എന്ന സത്യം തിരിച്ചറിഞ്ഞ സർക്കാർ ഇപ്പോൾ ആലപ്പുഴയിലും ഏറണാകുളത്തും ഇൗ പദ്ധതി പരീക്ഷിച്ചു. അവിടെയും നൂറിൽ നൂറ് മാർക്കാണ് ‘ഡൊണേറ്റ് എ കൗ’ എന്ന ആശയത്തിന്.  കേരളമൊട്ടാകെ പ്രളയത്തെ അതിജീവിച്ച് പഴയ ജീവിതം തിരികെ പിടിക്കുമ്പോൾ അതിന് ഒരു കൈതാങ്ങാവുകയാണ് ഇൗ മിണ്ടാപ്രാണികളും.

‘ഡൊണേറ്റ് എ കൗ’ എന്നത് കേവലം ഒരു ആശയമോ പദ്ധതിയോ അല്ല. മറിച്ച് പ്രളയാനന്തരകേരളത്തിലെ പുതിയ ക്ഷീരവിപ്ലവം കൂടിയാണ്. അതിന് തുടക്കമിട്ടത് ഇൗ പെൺകരുത്താണെന്നതും ഏറെ പ്രശംസനീയം. അതെ, ഇത് കണ്ണീർ മാറി സ്നേഹവും വരുമാനവും ചുരത്തുന്ന പുതുവിപ്ലവമാണ്..

MORE IN KERALA
SHOW MORE