ഇത് പ്രളയനായകർക്കായി; അതിജീവനകഥയുമായി ‍ഡിസ്കവറി ചാനൽ; ഫുള്‍ വിഡിയോ

discover-doc-kerala-flood
SHARE

കേവലം വാഴ്ത്തുപാട്ടു മാത്രമല്ലിത്, മത,ജാതി, രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒരു ജനത ഒന്നിച്ചു നിന്ന കൂട്ടിൻറെ കഥയാണ്. രണ്ടു മാസങ്ങൾക്കിപ്പുറം നമ്മൾ പലതും മറന്നെങ്കില്‍ നമുക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്. അതെ, നമ്മൾ ഇങ്ങനെയായിരുന്നു. അപരനു വേണ്ടി ഉയിരു കൊടുത്തു, അവരുടെ കണ്‍കോണിലെ നനവൊപ്പി, സ്നേഹത്തിൻറെ ചോറുരളകള്‍ വാരിക്കൊടുത്തു, ക്യാംപുകളിൽ അതിജീവനത്തിൻറെ മുദ്രാവാക്യങ്ങളുയർന്നു. ഉൾക്കരുത്തോടെ, ചങ്കുറപ്പോടെ നമ്മൾ ഒന്നായി.

നൂറ്റാണ്ടിലെ പ്രളയവും അതിജീവനവും ലോകത്തിനു മുന്നിലെത്തിച്ചു കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെൻരറിയിലൂടെ ഡിസ്കവറി ചാനൽ. ഡോക്യുമെൻററി നവംബർ 9ന് സംപ്രേഷണം ചെയ്തു. പൂർണരൂപം യൂട്യൂബിലും കാണാം. 

പ്രളയകാലത്തെ ചില ഊഷ്മളകാഴ്ചകൾ ഒരിക്കൽ കൂടി ‍ഡോക്യുമെൻററിയിലൂടെ കാണിച്ചുതരുന്നുണ്ട്. നേവി ഹെലികോപ്റ്ററിൽ നിറവയറുമായി ഉയർന്നു പൊങ്ങിയ ഗർഭിണിയായ സ്ത്രീ, അഭയം നല്‍കിയ പള്ളികൾ, അമ്പലങ്ങൾ, ഉയിരു പണയം വെച്ച് സാഹസിക രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ, അതിജീവനഗാഥ വിളിച്ചോതിയ ചേക്കുട്ടിപ്പാവകൾ... അങ്ങനെ പലരെയും ഒരിക്കൽ കൂടി ലോകത്തെ കാട്ടിക്കൊടുക്കുന്നു ഡോക്യുമെൻററി. 

തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നാണ് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞത്. ''കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം'' സുല്‍ഫിയ പറഞ്ഞു. 

ഓഗസ്റ്റ് 15ന് തുടങ്ങിയ മഹാമേരി കേരളത്തെ എത്തിച്ചത് നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിലേക്കാണ്. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം സുല്‍ഫിയ പറഞ്ഞു. 

കേരളത്തിന്റെ സൈന്യമായ കടലിന്റെ മക്കളേയും ജീവന്റെ കൈത്താങ്ങ് നല്‍കിയ സന്നദ്ധ പ്രവര്‍ക്കരേയും ഇതിൽ പരിചയപ്പെടുത്തും. ചുറ്റുപാടും വെള്ളം കയറിയപ്പോള്‍ തന്റെ ജീവനേയും തനിക്കുള്ളില്‍ ഉള്ള ജീവന്റെ തുടിപ്പിനേയും രക്ഷിച്ച സജിതാ ജബിലിനേയും ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്കും ഡോക്യുമെൻററിയിൽ സംസാരിക്കുന്നുണ്ട്. 

MORE IN KERALA
SHOW MORE