ൈലംഗികന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന കെ.സുധാകരന്‍ കാണാതെ പോകുന്നത്

sudakaran-press-meet
SHARE

സാമൂഹ്യപരോഗതി ലാക്കാക്കി കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയെ അപ്പാടെ തള്ളി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍റെ അധിക്ഷേപം.   നൂറ്റാണ്ടുകളുടെ സഹനത്തിനിപ്പുറം ഈ വിധിനേടിയെടുത്ത രാജ്യത്തെ ൈലംഗികന്യൂനപക്ഷങ്ങളെ അപ്പാടെയാണ് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അധിക്ഷേപിച്ചത്. ഭരണഘടനയിലെ 377ാംവകുപ്പ് റദ്ദാക്കുന്ന കോടതിവിധിയെ സുധാകരന്‍ പുച്ഛിച്ചും പരിഹസിച്ചുമാണ് സുധാകരന്‍ സംസാരിച്ചത്. 

സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ സുപ്രീംകോടതിവിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കണം. നാടിന്റെ സാമൂഹ്യവീക്ഷണത്തിനെതിരാണ് കോടതിവിധിയെന്നും സുധാകരന്‍ പറയുന്നു. ആരാണ് ഈ വിധിയെ അംഗീകരിക്കുക. ആരെങ്കിലും അംഗീകരിക്കുമോ..? സുധാകരന്‍ ചോദിക്കുന്നു. ആണിനും ആണിനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള വിധിയെന്നാണ് സുധാകരന്‍ അതിനെ വിശേഷിപ്പിച്ചത്.  

പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം സ്വന്തം അസ്ഥിത്വവും സ്വത്വവും സ്വാതന്ത്ര്യവും പ്രഖ്യാപിച്ച ചരിത്രപരമായ ഒരുവിധിയെ കോണ്‍ഗ്രസിന്റെ പിസിസി അധ്യക്ഷന്‍ പുച്ഛിക്കുമ്പോള്‍ ഇവര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ സ്വവര്‍ഗരതിക്കതെരിയും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കെതിരെയും നിയമനിര്‍മ്മാണം നടന്നേക്കാമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം നേരത്തെ വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നിട്ടും േകരളത്തിലെ നേതാക്കള്‍ വിധിക്കെതിരെ കവലപ്രസംഗം നടത്തുന്നു. വിശ്വാസസംരക്ഷണ യാത്രയിലൂടനീളം കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതിയുടെ ഈ വിധിയെ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസും സുധാകരനും വായിച്ചിരിക്കേണ്ട അല്ലെങ്കില്‍ മറക്കാന്‍ പാടില്ലാത്ത ഒരു ചരിത്രവും സഹനവും ഈ വിധിക്കുപിന്നിലുണ്ട്. 

2005ലാണ് ഗുജറാത്തിലെ പ്രമുഖരാജകുടുംബത്തിലെ രാജകുമാരന്‍ മാനവേന്ദ്രസിങ് ഗോഹില്‍ പരസ്യമായി സ്വവര്‍ഗ്ഗാനുരാഗിയെന്ന് വെളിപ്പെടുത്തി രാജ്യത്ത് ചരിത്രപരമായ പ്രഖ്യാപനം നടത്തുന്നത്, രാജകുടുംബാംഗം എന്ന രീതിയില്‍ ഗോഹില്‍ ദേശീയ രാജ്യാന്തരമാധ്യമങ്ങളുടെ ശ്രദ്ധനേടി. രാജകീയ പദവികളില്‍ നിന്നും ഗോഹില്‍പിടിച്ചിറക്കപ്പെട്ടു.രാജ്യാന്തരമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഗോഹിലിന്റെ നിലാപാടിനെ പുകഴ്ത്തി, പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കുശേഷം രാജകുടുംബം പോലും ഗോഹിലിനെ അംഗീകരിക്കുകയുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും വലിയതോതില്‍ സ്വവര്‍ഗലൈംഗീത ചര്‍ച്ചചെയ്യപ്പെട്ട കാലഘട്ടമായിരുന്നു അത്. ഒളിച്ചുംപാത്തും ലൈംഗികന്യൂനപക്ഷങ്ങള്‍ അവകാശപ്രഖ്യാപനം നടത്തിയിരുന്ന രീതിയും കാലവുംമാറി പരസ്യമായി നിരത്തിലിറങ്ങി പ്രഖ്യാപനങ്ങളും പ്രതിഷേധങ്ങളും നടത്താന്‍ തുടങ്ങിയത് 2008മുതലാണ്. 

രാജ്യത്തെ പ്രധാന 5 നഗരങ്ങളില്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ സ്വാഭിമാനയാത്രനടത്തി, ഡല്‍ഹിയിലും ബെംഗളൂരുവിലും കൊല്‍ക്കട്ടിയിലും ഇന്‍ഡോറിലും പോണ്ടിച്ചേരിയിലും നിരത്തുകള്‍ മഴവില്‍നിറങ്ങളില്‍ അഭിമാനംകൊണ്ടു. രണ്ടായിരത്തിലധികം ആളുകള്‍ അഞ്ചുറാലികളിലായി പങ്കെടുത്തുവെന്നാണ് കണക്ക്. മുംബൈയിലെ മാര്‍ച്ചില്‍ ബോളിവുഡ് നടി സെലീന ജെയ്റ്റിലി പരസ്യമായി ഇവര്‍ക്ക് പിന്തുണയറിയിച്ചു. 2008 ജൂലൈ 4ന് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റവിമുക്തമാക്കാനുള്ള ഹര്‍ജി പരിഗണിക്കവെ രാജ്യാന്തര രംഗത്ത് സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം 2009ല്‍ ജൂലൈ 2ന് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലാതാക്കി. ഈ വിധിയുടെ ചുവടുപിടിച്ചാണ് രണ്ട് ദിവസത്തിന് ശേഷം രാജ്യത്തെ ആദ്യത്തെ ലൈംഗിക ന്യൂനപക്ഷ മാഗസിന്‍ പിങ്ക്പേജസ് പ്രസിദ്ധീകരിച്ചത്. ഇതിന് പുറമെ രാജ്യത്താകെ എല്‍ജിബിടി ഫിലിംഫെസ്റ്റിവലുകളും മറ്റും നടത്തപ്പെട്ടു. സ്വവര്‍ഗലൈംഗികത പതുക്കെ പതുക്കെ രാജ്യത്തിന്റെ പൊതുമനസ്സാക്ഷി അംഗീകരിക്കാന്‍ തുടങ്ങി. 2013ല്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതിയുടെ വിധിയുണ്ടായത് അവകാശസമരങ്ങള്‍ക്ക് തിരിച്ചടിയായി. പക്ഷെ പോരാട്ടംനിലച്ചില്ല. പിന്നീട് 2016ല്‍ വിധിപുനപരിശോധിക്കാന്‍ സുപ്രീംകോടതി തന്നെ തയ്യാറായി. ഭരണഘടനാ ബെഞ്ച് പരിശോധിച്ച ശേഷം 2018 സെപ്തംബര്‍ 6ന് ഭരണഘടനയിലെ 377 വകുപ്പ് റദ്ദാക്കി ചരിത്രപരമായ വിധി വന്നു. കൊളോനിയല്‍ കാലത്തെ അപരിഷ്കൃത നിയമങ്ങള്‍ റദ്ദാക്കിയ കോടതിവിധി വലിയോതോതില്‍ സ്വീകരിക്കപ്പെട്ടു. ദേശീയ തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരും വിധിയെ സ്വാഗതം ചെയ്തു.പത്തുവര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ് റദ്ദാക്കപ്പെട്ടത്. 

സുഭദ്രമായ ഭാവിയിലേക്കുള്ള അടിത്തറ പാകിയെന്നാണ് ചരിത്രപരമായ വിധിയില്‍ ഒരു ജഡ്ജി കുറിച്ചിട്ടത്. രാജ്യത്തെ എല്‍ജിബിടി സമൂഹത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എങ്കിലും കോടതിയില്‍ 2012ല്‍  സമര്‍പ്പിച്ച രേഖകളില്‍ 2.5 ദശലക്ഷം ലൈംഗികന്യൂനപക്ഷങ്ങള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ വലിയ തോതില്‍ ഭിന്നലിംഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിയമങ്ങളും നടപടികളും ജസ്റ്റിസ് ബോര്‍ഡുകളും ഉള്‍പ്പെടെ രൂപീകരിക്കുകയുണ്ടായി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണസമരത്തിന് ആക്കംകൂട്ടിയ ഈ ചരിത്രപരമായ വിധിക്കെതിരെ കോണ്‍ഗ്രസിന്റെ സമുന്നതായ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുമ്പോള്‍ ബഹുജനപാര്‍ട്ടിയെന്ന നിലയ്ക്ക് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം ആരോടാണ്? പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരുസമൂഹത്തിന്റെ സ്വതവും സ്വാതന്ത്ര്യവും പ്രഖ്യാപിക്കപ്പെട്ട നിര്‍ണായകവിധിയെ അവഹേളിക്കുന്നതും പുച്ഛിക്കുന്നതും ആ സമൂഹത്തോട് കാണിക്കുന്ന ക്രൂരതയും നിന്ദയുമാകുന്നത് അങ്ങനെയാണ്. മുന്നോട്ട് നടക്കാന്‍ തുടങ്ങിയ ലിംഗ നീതിയുടെ വലിയപോരാട്ടങ്ങളെ പിറകോട്ട് വലിക്കുന്ന കവല പ്രസംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിലയിടുന്നത് ഏത് വോട്ട്ബാങ്കിന്റെ കനത്തിലാണെന്നതാണ് ചോദ്യം. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശപോരാട്ടങ്ങള്‍ തുടരുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ സമൂഹത്തെത്തന്നെ  തെറ്റിദ്ധരിപ്പിക്കുന്നതാകുന്നു.

MORE IN KERALA
SHOW MORE