ഗവർണർ കടന്നു പോകുന്നതിന് തൊട്ടുമുൻപ് ദേശീയപാതയിൽ അപകടം; വൻ ദുരന്തം ഒഴിവായി

gas-lorry-accident
SHARE

ദേശീയപാതയിൽ ആറ്റിങ്ങലിൽ ഗ്യാസ് ലോറി നിയന്ത്രണംതെറ്റി പാലത്തിന്റെ കൈവരി ഇടിച്ചു തകർത്തുനിന്നു. ഒഴിവായത് വൻ ദുരന്തം. ഗവർണർ ജസ്റ്റിസ് പി.സദാശിവം ഇതുവഴി കടന്നുപോകുന്നതിനു തൊട്ടുമുൻപായിരുന്നു അപകടം. ഇന്നലെ രാവിലെ എട്ടരയോടെ പാരിപ്പള്ളിയിൽനിന്നു കഴക്കൂട്ടത്തെ പ്ളാന്റിലേക്കു ഗ്യാസ് നിറയ്ക്കുന്നതിനായി കാലിയായ ഇരുനൂറോളം സിലിണ്ടറുകളുമായി പോയ ഭാരത് ഗ്യാസിന്റെ ലോറിയാണ് നിയന്ത്രണം വിട്ട് അതേ വശത്തേക്കു മുൻവശം ഇടിച്ചുകയറി നിന്നത്. ആളപായമില്ല.

പാലത്തിന്റെ കൈവരിയിൽ നിന്ന് അൽപം മുന്നോട്ടു നീങ്ങിയിരുന്നെങ്കിൽ ലോറി മാമം ആറ്റിൽ പതിക്കുകമായിരുന്നു. ലോറിയിൽ ഗ്യാസ് നിറച്ച സിലിണ്ടറുകൾ ഇല്ലായിരുന്നതും അപകട തീവ്രത കുറച്ചു.ലോറിയുടെ മുൻവശത്തുകൂടെ പോയ കാറിൽ ഉരസിയശേഷമാണു പാലത്തിലേക്ക് ഇടിച്ചു കയറിയത്. ആലപ്പുഴ ഭാഗത്തേക്കു പോകുന്നതിനായി ഗവർണർ ഒൻപതേകാലോടെ ആറ്റിങ്ങൽ വഴി കടന്നുപോകുമെന്നു പൊലീസിന് അറിയിപ്പു ലഭിച്ചിരുന്നു. 

ഗവർണർക്കു പോകുന്നതിനായി പൊലീസ് വഴിയൊരുക്കുന്നതിനായി നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉടൻ തന്നെ ആറ്റിങ്ങൽ സിഐ സുനിൽ, ട്രാഫിക് എസ്ഐ ജയേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ആറ്റിങ്ങൽ ഫയർഫോഴ്സും സ്ഥലത്തെത്തി. അപകടത്തെ തുടർന്നു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു എങ്കിലും ഗവർണറെ പൊലീസ് ഏറെ പണിപ്പെട്ട് ഇതുവഴി കടത്തിവിട്ടു. മറ്റു വാഹനങ്ങളെ പഴയപാലം വഴിയും തിരിച്ചുവിട്ടു. 

പത്തുമണിയോടെ ലോറി പാലത്തിൽനിന്നു മാറ്റി. ഡ്രൈവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായ കാരണമാണ് അപകടമുണ്ടായതെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു. ഡ്രൈവർ പാരിപ്പള്ളി സ്വദേശി രാമചന്ദ്രനെ(46) പിന്നീടു വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പാലത്തിന്റെ കൈവരി തകർത്തതിന്റെ നഷ്ടപരിഹാരം ഈടാക്കിയശേഷം ലോറി വിട്ടുനൽകുമെന്നു ട്രാഫിക് എസ്ഐ അറിയിച്ചു.

MORE IN KERALA
SHOW MORE