അയോഗ്യത; പിന്നാലെ സ്റ്റേ; രാഷ്ട്രീയകേരളം ഉദ്വേഗത്തിലായ പകൽ: നടന്നത്

nikesh-km-shaji
SHARE

അഴീക്കോട് എംഎൽഎ കെ.എം ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എംവി നികേഷ്കുമാറിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ഡി രാജന്റെ ഉത്തരവ്. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് വിധിയില്‍ സ്റ്റേ അനുവദിക്കണമെന്ന ഷാജിയുടെ ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. അതിനു മുന്നോടിയായി രണ്ടാഴ്ചത്തെ സ്റ്റേയും അനുവദിച്ചു. 

പൊരി‍ഞ്ഞതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിച്ച കെഎം ഷാജിയെ എതിര്‍സ്ഥാനാര്‍ഥി എംവി നികേഷ്കുമാര്‍ ഒടുവില്‍ നിയമപോരാട്ടത്തില്‍ തോല്‍പിച്ചു. തിരഞ്ഞെടുപ്പ് വിജയിയായി പ്രഖ്യാപിക്കണമെന്ന അവശ്യമൊഴികെ നികേഷിന്റെ ഹര്‍ജിയിലെ മറ്റെല്ലാ കാര്യങ്ങളും  ഹൈക്കോടതി അംഗീകരിച്ചു. തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ആറുവര്‍ഷത്തേക്ക്  ഷാജിയെ അയോഗ്യനാക്കിയിട്ടുമുണ്ട്.  വിജയിക്കാന്‍ ഷാജി മതപരമായ പ്രചാരണം നടത്തി, തന്നെ വ്യക്തിഹത്യ നടത്തി എന്നീ ആരോപണങ്ങളാണ് നികേഷ് കുമാര്‍ ഉന്നയിച്ചത്. മുസ്‍ലിം അല്ലാത്ത സ്ഥാനാർഥിക്ക് വോട്ടുചെയ്യരുതെന്നായിരുന്നു ലഘുലേഖകളിലൊന്നിലെ ആഹ്വാനം. സോളാർ കേസുമായും സരിതയുമായും ബന്ധമുണ്ടെന്നും പ്രചാരണം നടന്നു. മാത്രമല്ല  നികേഷ് ബാർ ഉടമകളിൽ നിന്ന് പണം പറ്റിയെന്നും ആക്ഷേപം പ്രചരിപ്പിച്ചു. ഇത് വ്യക്തിഹത്യയാണെന്നും നികേഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  

ലഘുലേഖകളുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ പങ്കാളിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഷാജിക്കാകില്ലെന്ന് കോടതി വ്യക്തമാക്കി  അഴീക്കോട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും  കോടതി ചിലവായി നികേഷിന് ഷാജി അമ്പതിനായിരം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. വിധി ഒരുമാസത്തേക്ക് സ്റ്റേ ചെയ്യണമെന്നവാശ്യപ്പെട്ട് തൊട്ടുപിന്നാലെ ഷാജി ഇതേ കോടതിയില്‍  അപേക്ഷ നല്‍കി.  ജനപ്രാതിനിധ്യനിയമപ്രകാരം നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഈ കേസില്‍ നല്‍കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ അയോഗ്യനാക്കിയതെന്നും വ്യക്തമാക്കി നികേഷ്കുമാര്‍ അപേക്ഷയെ എതിര്‍ത്തു. എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുമാസത്തെ സമയപരിധി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഷാജിയും വാദിച്ചു. ഈ ഘട്ടത്തിലാണ് വാദം കേട്ട് തീരുമാനമെടുക്കാനായി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. 

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. അഴീക്കോട്ടെ തിരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന തന്റെ വാദം ഹൈക്കോടതി അംഗീകരിച്ചെന്ന് എം.വി നികേഷ് കുമാര്‍ പറഞ്ഞു. കെ.എം. ഷാജിയുടെ പേരിലുളള ലഘുലേഖ യു.ഡി.എഫിന്റേതല്ലെന്നും ഉപതിരഞ്ഞെടുപ്പിനെ ഭയമില്ലെന്നും മുസ്‍ലിം ലീഗും വ്യക്തമാക്കി.

വര്‍ഗീയപരാമര്‍ശം നടത്തി ജയിച്ചെന്ന പരാമര്‍ശം ഏറ്റവും അപമാനകരമാണെന്നും  ഹൈക്കോടതി വിധിക്കെതിരെ നിയമത്തിന്റെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും കെ.എം ഷാജി വ്യക്തമാക്കി. എം.വി നികേഷ്കുമാര്‍ വളച്ചൊടിച്ച കേസാണിത്. തനിക്കെതിരെ  കൃത്യമായ ഗൂഢാലോചനയോടൊണ് നോട്ടിസ് പുറത്തിറക്കിയതെന്നും കെ.എം ഷാജി പറഞ്ഞു.

ഹൈക്കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതെന്നായും എം.വി.നികേഷ്കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തുടക്കംമുതല്‍ തനിക്കെതിരെ വ്യക്തിഹത്യയുണ്ടായി. വിധിക്ക് സ്റ്റേ അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണ്. ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ മല്‍സരിക്കുമോയെന്ന്  ഇടതുമുന്നണി തീരുമാനിമെന്നും നികേഷ് കുമാര്‍ കണ്ണൂരില്‍ പറഞ്ഞു.

മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് ജയിച്ചത് വര്‍ഗീയത പറഞ്ഞിട്ടല്ലെന്നും ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ആശങ്കയില്ലെന്നും മുസ്്ലീം ലീഗ് വ്യക്തമാക്കി.

കെ.എം ഷാജിക്ക് പിന്തുണയുമായി യു.ഡി.എഫ് നേതൃത്വം രംഗത്തെത്തി. വര്‍ഗീയതക്കെതിരെ പോരാടുന്ന വ്യക്തിയാണ് കെ.എം. ഷാജിയെന്ന്  യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. ഒരു വിധികൊണ്ട് കെ.എം ഷാജിയുടെ മതേതരനിലപാടുകള്‍ക്ക് പോറലേല്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. 

MORE IN KERALA
SHOW MORE