നവകേരള നിർമിതിക്ക് കെപിഎംജിയെ മാത്രം ആശ്രയിക്കില്ല; പരസ്യം നൽകും

kpmg
SHARE

കെപിഎംജിയുടെ സൗജന്യ കണ്‍സള്‍ട്ടന്‍സിയുമായി എന്നും മുന്നോട്ട് പോകാനാകില്ലെന്ന്  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. പുനര്‍നിര്‍മ്മിതിക്ക് ഉപദേശകരെ തേടി സര്‍ക്കാര്‍പരസ്യം നല്‍കും. ഇതിലേക്ക് കെപിഎംജിക്കും അപേക്ഷ നല്‍കാന്‍ അവസരം നല്‍കും. 

പ്രളയാനന്തര പുനര്‍നിര്‍മ്മിതി വേഗത്തിലാക്കണം. ക്രൗഡ് ഫണ്ടിംങ് പരാജയമായതിനാല്‍ പണം കണ്ടെത്താന്‍മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. ഇതിനെല്ലാം വിദഗ്ധ ഉപദേശം വേണം. കെപിഎംജി എന്ന രാജ്യാന്തര കണ്‍സള്‍ട്ടിങ് ഏജന്‍സിയുടെ സൗജന്യസേവനം മാത്രമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം. ഒന്നോ അതിലധികമോ കണ്‍സള്‍ട്ടന്‍സ് ആവശ്യമായി വരും. ഇവരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കണം. കെപിഎംജിക്കും അപേക്ഷ നല്‍കാന്‍ അവസരം നല്‍കണം. വൈദഗ്ധ്യത്തിന്റെയും കണ്‍സള്‍ട്ടന്‍സി തുകയുടെയും അടിസ്ഥാനത്തില്‍തീരുമാനമെടുക്കണം എന്നാണ്  ഉദ്യോഗസ്ഥര്‍മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. ഇത് മുഖ്യമന്ത്രിയും മന്ത്രിസഭയും അംഗീകരിക്കേണ്ടതുണ്ട്. അതേസമയം ക്രൗഡ് ഫണ്ടിംങ് പരാജയപ്പെട്ടെങ്കിലും അത് സംബന്ധിച്ച് എന്തുതീരുമാനം വേണമെന്ന് യോഗം തീരുമാനമെടുത്തില്ല. ലോകത്ത് എവിടെ നിന്നും പണം നല്‍കാനുള്ള സംവിധാനമാണ് ക്രൗഡ് ഫണ്ടിംങ് പോര്‍ട്ടലെങ്കിലും  മൂന്നാഴ്ചകൊണ്ട് കാര്യമായ ഒരുപ്രതികരണവും ഉണ്ടായില്ല. സ്കൂളുകളും വീടുകളും പുനര്‍നിര്‍മ്മിക്കാനായി  ഇത് വരെ കിട്ടിയത് നൂറുരൂപ മാത്രമെന്ന് പോര്‍ട്ടല്‍കാണിക്കുന്നു.

ക്രൗഡ്ഫണിംങ് എന്തെന്നുപോലും ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും അറിയുകയുമില്ല. ഇത് സംബന്ധിച്ച് മന്ത്രിമാരുടെ തലത്തില്‍തീരുമാനം വരട്ടെ എന്ന പൊതുവികാരമാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ധനവകുപ്പിനുപോലും യാതൊരു ഇടപെടലും സാധ്യമാകാത്ത രീതിയിലാണ് ക്രൗഡ്ഫണ്ടിംഗ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

MORE IN KERALA
SHOW MORE