കിലോമീറ്ററിനുള്ളിൽ 2 ബൈക്ക് അപകട മരണം; ഒരാൾ പ്രതിശ്രുത വരൻ

accident45
SHARE

ഞായറാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അടക്കം രണ്ടു പേ‍ർ ദേശീയപാതയിലും കുട്ടനെല്ലൂരിലുമായി രണ്ടു കിലോമീറ്ററിനിടെയുണ്ടായ അപകടങ്ങളിൽ മരിച്ചു. കുട്ടനെല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചു തെറിച്ചുവീണ വരന്തരപ്പിള്ളി പള്ളിക്കുന്ന് പുത്തൻപുരയ്ക്കൽ പരേതനായ ജോസിന്റെ മകൻ സിജോയാണു ടിപ്പർ കയറി മരിച്ചത്. രാവിലെ കുട്ടനെല്ലൂർ ലത്തീൻ പള്ളിക്കു സമീപമായിരുന്നു അപകടം. 

സിജോയുടെ മനസമ്മതം ശനിയാഴ്ചയാണു നടന്നത്. വിവാഹക്ഷണത്തിന്റെ തിരക്കിലായിരുന്ന സിജോ ജോലിക്കു പോകും വഴിയാണു ദുരന്തം. സംസ്‌കാരം ഇന്നു പത്തിനു പള്ളിക്കുന്ന് അസംപഷൻ പള്ളി സെമിത്തേരിയിൽ. തൃശൂരിലെ സ്വകാര്യ ഐടി കമ്പനിയിലെ ജോലിക്കാരനാണ്. അമ്മ: ഗ്രേസി, സഹോദരങ്ങൾ: സിജി, ജിജി. 

ദേശീയപാതയിൽ നടത്തറ സിഗ്നലിനു സമീപം ബുധൻ രാത്രി 11.30നുണ്ടായ അപകടത്തിൽ കോതമംഗലം വടാട്ടുപാറ അരീക്കസിറ്റി പുന്നക്കപ്പടവിൽ ആന്റണിയുടെ മകൻ ടോമിൻ (23) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന മാതൃസഹോദരി പുത്രൻ കോട്ടയം ചെങ്ങളം സ്വദേശി മെബിൻ (23) ചികിൽസയിലാണ്. ലോറി തട്ടി നിയന്ത്രണം വിട്ട കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. 

പിന്നിലിരുന്ന ടോമിൻ തലയടിച്ച് നിലത്തു വീണതിനെ തുടർന്നു സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗ്രേസിയാണ് അമ്മ. കാറും ഹൈവേയിൽനിന്നു മറിഞ്ഞു. ലോറി നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംസ്‌കാരം ഇന്നു 10.30നു വടാട്ടുപാറ സെന്റ്‌ മേരീസ്‌ പള്ളിയിൽ നടക്കും. ടോമിന്റെ ജ്യേഷ്ഠൻ ടോണി 3 വർഷം മുൻപു മാതിരപ്പിള്ളിയിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു.

എൻജിനീയറിങ് ബിരുദധാരിയായിരുന്ന ടോണി ഇന്റർവ്യൂവിനു പോകുന്നതിനിടയിലായിരുന്നു അപകടത്തിൽപ്പെട്ടത്. ഫയർ ആൻഡ് സേഫ്റ്റി ബിരുദധാരിയായ ടോമിനും ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായിരുന്നു തൃശൂരിലെത്തിയത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.