മുങ്ങുന്നതിനു മുൻപേ ഡിവൈഎസ്പി റൂറൽ എസ്പിയെ വിളിച്ചു; മൊബൈൽ സിച്ച് ഓഫാക്കി

b-harikumar-sanal-kumar
SHARE

പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് മരിച്ച സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആവർത്തിക്കുന്നതിനിടെ ഡിവൈഎസ്പി ബി.ഹരികുമാർ സംഭവസ്ഥലത്തു നിന്നു ‘മുങ്ങുന്നതിനു’ മുമ്പ് അവസാനം ഫോണിൽ ബന്ധപ്പെട്ടത് റൂറൽ എസ്പി അശോക് കുമാറിനെയെന്ന് തെളിഞ്ഞു. 

‘‘നെയ്യാറ്റിൻകരയിൽ ഒരു അപകടം ഉണ്ടായി, തർക്കത്തിനിടെ ഒരാളെ കാറിച്ചു. ഞാനിവിടെ നിൽക്കുന്നില്ല. തൽക്കാലം മാറിനിൽക്കാൻ പോകുന്നു’’– ഇതാണു ഹരികുമാർ ഫോണിൽ പറഞ്ഞത്. അതിനു ശേഷം ഇയാളുടെ രണ്ടു മൊബൈൽ ഫോണും ഓഫാക്കി. 

സംഭവമെന്താണെന്നു സ്പെഷൽ ബ്രാഞ്ചിൽ നിന്നോ നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നോ മനസിലാക്കി എസ്പിക്ക് ഉടൻ പ്രവർത്തിച്ചിരുന്നെങ്കിൽ അന്നു രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ കഴിയുമായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അദ്ദേഹം അതു ചെയ്തില്ല. അതിനു ശേഷമാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ ഇദ്ദേഹം ഡിജിപിക്കു ശുപാർശ നൽകിയത്. ഇത് അന്വേഷണം വൈകിപ്പിക്കാനാണെന്നും ആക്ഷേപമുണ്ട്.  

ഹരികുമാർ മുങ്ങി നടക്കുന്നതു സേനയ്ക്കു നാണക്കേടായിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടിയില്ലെങ്കിൽ ജനരോഷം താങ്ങാനാകില്ലെന്ന് അന്വേഷണ സംഘത്തോട് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. ഹരികുമാറിന്റെയും അടുത്ത ബന്ധുക്കളുടെയും വീട്ടിലെത്തി അന്വേഷണത്തോടു സഹകരിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു.ചില സിപിഎം ജില്ലാ നേതാക്കളുടെയും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളുടെയും അടുപ്പക്കാരനാണു ഹരികുമാർ. ആ നിലയ്ക്ക് അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ചോരുന്നുണ്ടോയെന്ന സംശയവുമുണ്ട്. ഹരികുമാറിനെയും ഇയാൾക്കൊപ്പമുണ്ടെന്നു കരുതുന്ന സുഹൃത്ത് ബിനുവിനെയും തേടി പൊലീസ് സംഘം മധുര അടക്കമുള്ള സ്ഥലങ്ങളിലേക്കു തിരിച്ചു.

ക്രൂരമായ കൊലപാതകം നടന്ന് രണ്ടു ദിവസം  കഴിയുമ്പോഴും പ്രതി ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. റൂറല്‍ എസ് പി ഡിജിപിക്ക്  നല്കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിലടക്കം  ക്രൈംബ്രാഞ്ച് അന്വേഷണമായിരിക്കും കൂടുതല്‍ ഫലപ്രദമെന്ന വിലയിരുത്തലിലാണിത്. 

പ്രതി സംസ്ഥാനം വിട്ടെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണ സംഘം മധുരയിലേയ്ക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഹരികുമാറിന്റെ ബന്ധുക്കളുടെ വീടുകളിലെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് കണ്ടു കെട്ടാനും നടപടി തുടങ്ങി. ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണിത്. കീഴടങ്ങുമോ എന്നു പൊലീസ് കാത്തിരിക്കുമ്പോൾ ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് പ്രതി എന്നാണ് വിവരം.

MORE IN KERALA
SHOW MORE