പിണറായിക്ക് ശരിയാക്കാൻ കഴിയാത്ത പൊലീസ്; വരാപ്പുഴ മുതൽ നെയ്യാറ്റിൻകര വരെ

police-murder-new
SHARE

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് വർഷം കഴിഞ്ഞിട്ടും സ്വന്തം പൊലീസിനെ ശരിയാക്കാൻ കഴിഞ്ഞിട്ടില്ല. വീഴ്ച പതിവാക്കിയ പൊലീസ് ഇടതു സർക്കാരിന് വലിയ തലവേദനയാണ് സ്യഷ്ടിക്കുന്നത്. ദേശീയ തലത്തിൽ ചർച്ചയായ വരാപ്പുഴ കസ്റ്റഡി മരണം മുതൽ നെയ്യാറ്റിൻകരയിൽ സനൽ എന്ന ചെറുപ്പക്കാരന്റെ ദാരുണാന്ത്യം വരെ എത്തിയിട്ടും സേന പാഠം പഠിക്കുന്നില്ലെന്നാണ് തെളിയിക്കുന്നത്. അധികാരത്തിലേറിയ അന്ന് മുതൽ സർക്കാർ ഏറ്റവുമധികം വിമർശനം നേരിടേണ്ടി വന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥയിലും ജാഗ്രതക്കുറവിലുമാണ്. 

കേരള പൊലീസിന് നിരന്തരം ഉണ്ടാകുന്ന വീഴ്ചകൾ ഹൈക്കോടതിയും മനുഷ്യവകാശ കമ്മിഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയും പലവട്ടം ചൂണ്ടിക്കാണിച്ചു. വിമർശനങ്ങൾക്ക് മറുപടിയെന്നോണം സ്വന്തം കാര്യം നോക്കിയാൽ മതിയെന്നാണ് മുഖ്യമന്ത്രി ഒരു ഘട്ടത്തില്‍ പറഞ്ഞത്. സർക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കാൻ ഏറ്റവും അധികം ശ്രമിക്കുന്നത് െപാലീസാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതാകട്ടെ മുഖ്യമന്ത്രിയും. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മുതൽ ലോക്കപ്പ് കൊലപാതകങ്ങൾ വരെയുള്ള സകല ഗുണ്ടായിസവും കാണിക്കാനുള്ള ധൈര്യം പൊലീസ് നേടിയിരിക്കുന്നു എന്നത് പകല്‍ പോലെ തെളിഞ്ഞ കാലം. 

വ്യാജ ഏറ്റുമുട്ടൽ

പിണറായി സർക്കാർ അധിക്കാരത്തിലേറി ആറ് മാസത്തിനുള്ളിലാണ് നിലമ്പൂര്‍ കരുളായി വനമേഖലയിൽ  മാവോവാദികളായ കുപ്പു ദേവരാജും, അജിതയും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇപ്പോഴും ഈ സംഭവത്തിൽ പുകമറയാണ്. ഏറ്റുമുട്ടലിന് പിന്നാലെ വ്യാജമാണെന്ന വിവാദം തലപൊക്കിയിരിക്കുന്നു. സംഭവത്തിൽ വ്യക്തമായ ചിത്രം നൽകാൻ പൊലീസോ ആഭ്യന്തര വകുപ്പോ തയ്യാറായിട്ടില്ല. ഇത് വ്യാജ ഏറ്റുമുട്ടലാണന്ന് ഭരണകക്ഷിയിൽ നിന്നു പോലും ഉയർന്നു. സംഭവം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങളെ തടഞ്ഞത് വിഷയത്തിൽ പൊലീസ് ഭാഷ്യത്തിനപ്പുറം മറ്റൊരു വിശദീകരണം പുറത്ത് വരാതിരിക്കാനാണെന്ന് ആക്ഷേപമുണ്ട്. 

വരാപ്പുഴ കസ്റ്റഡി മരണം

കസ്റ്റഡി മരണങ്ങള്‍ കേരള പൊലീസിന് പുതുമയുള്ള കാര്യമല്ല. പ്രതികളെന്ന് ആരോപിച്ച് പിടികൂടുന്നവര്‍ പ്രതികളാണെന്നുപോലും നോക്കാതെയാണു പെരുമാറുന്നത്. സാധാരക്കാർക്ക് നേരെ തങ്ങളുടെ അധികാരം പ്രയോഗിക്കാൻ കിട്ടുന്ന ഒരു അവസരവും പൊലീസ് വെറുതെ കളയില്ല. എന്നാൽ വരാപ്പുഴയിൽ നടന്നത് അതിലും ക്രൂരമാണ്. ആളുമാറി പൊലീസ് പിടിച്ചു കൊണ്ട് പോയ ശ്രീജിത്തിനെ അതിക്രൂരമായ മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം ഇത് മറച്ചുവെക്കാൻ തെളിവുകൾ നശിപ്പിക്കുയും തിരിമറികൾ നടത്തുകയും ചെയ്തു. സംഭവത്തിൽ എസ് ഐ ദീപക്ക് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. അന്നത്തെ റൂറൽ എസ്പി എവി ജോർജിന് നേരെ നടപടി സ്വീകരിക്കയും ചെയ്തിരുന്നു. 

കെവിൻ കൊലപാതകം

കേരളത്തിലെ മനഃസാക്ഷിക്ക് നേരെ നടന്ന ആദ്യ ദുരഭിമാന കൊലയാണ് കെവിന്റെ മരണം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന സംഭവത്തിൽ ഏറെ രാഷ്ട്രീയ മാനവും കൈവന്നു. ഇവിടെയും പൊലീസിന്റെ വീഴ്ച എടുത്തു പറയേണ്ടതാണ്. തന്റെ ഭർത്താവിനെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞ നീനുവെന്ന പെൺകുട്ടി പരാതിയുമായി ചെന്നപ്പോൾ കൈമലർത്തിയാണ് കോട്ടയത്തെ പൊലീസുകാർ പ്രതികരിച്ചത്. കൊലപാതകത്തിന് കാരണക്കാരായ പ്രതികളെ പിന്നീട് പിടികൂടിയെങ്കിലും, ഇവർക്ക് സഹായമായ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥർക്ക് നേരെയും നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരുന്നു.  

കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ അപൂര്‍വ നടപടിയുമായി പൊലീസ് തന്നെ രംഗത്തെത്തി. മുഖ്യപ്രതിയോട് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു.  ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്‍റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി.  

മുടി നീട്ടി വളര്‍ത്തിയാൽ സമൂഹത്തിന് ശല്യം

2017 ജൂലൈയിലാണ് പാവറട്ടി മുതുക്കരയില്‍ നിന്നാണ് വിനായകനേയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത്തിനേയും  പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്ളാണ് ചുമത്തിയത്. ഇതിന് തെളിവായി കണ്ടെത്തിയത് അവന്‍ മുടി നീട്ടുവളര്‍ത്തുകയും കണ്ണെഴുതുകയും ചെയ്തിരുന്നു എന്നത്.  ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചിരുന്ന ആ പത്തൊമ്പതുകാരന് പൊലീസിന്റെ ശാരീരിക, മാനസിക പീഡനങ്ങള്‍ താങ്ങാനാവുന്നതായാണ് ആത്മഹത്യ ചെയ്തത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. മുലക്കണ്ണ് ഞെരിച്ച് ഉടച്ചു. ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളാണ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്, സാജന്‍ എന്നിവരെ സസ്പന്‍ഡ് ചെയ്തു.

സാക്ഷിയെ പ്രതിയാക്കി

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ ഗുരുതരമായ രണ്ട് വീഴ്കളാണ് പൊലീസിന് ഉണ്ടായത്. സംഭവം ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചിട്ടും നടപടിയെടുക്കാൻ വൈകി. ഒടുവിൽ വാർത്ത മാധ്യമങ്ങളിൽ വന്നതോടെയാണ് നടപടിയുണ്ടായത്. ഗുരുതര വീഴ്ചയ്ക്കു ശേഷം ചങ്ങരകുളം എസ് ഐ കെജി ബേബിയെ പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാൽ ഇതിന് ശേഷവും പൊലീസിന്റെ വീഴ്ച തുടർക്കഥയായി. സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സംഭവത്തിന്റെ മുഖ്യസാക്ഷി തിയേറ്റര്‍ ഉടമ സതീശനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ സതീശന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സമ്മതിക്കേണ്ടി വന്നു ക്രൈം ബ്രാഞ്ചിന്. സാക്ഷി പട്ടികയിലെ ഏക വ്യക്തിയായിരുന്നു സതീശന്‍. ഇയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് പൊലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

എരുമേലി മുക്കോട്ടുത്തറിയിൽ നിന്നും പെൺകുട്ടിയെ കാണാതായി എന്ന ആദ്യം പരാതി നൽകിയപ്പോൾ ഉൽസാഹം ഇല്ലാതിരുന്ന പൊലീസ് പിന്നീട് ജെസ്ന മറിയയെ തേടി കാടും മലയും കയറിയിങ്ങാൻ തുടങ്ങി. പരാതി ലഭിച്ച ദിവസം നടപടി എടുത്തിരുന്നെങ്കിൽ ജെസ്ന കണ്ടത്താൻ കഴിഞ്ഞേനെ. നീതിക്കായി ഡി.ജി.പിയെ കാണാൻ പോയ ഒരു മാതാവിനെ തെരുവിലിട്ട് വലിച്ചിഴച്ചതും, പുതുവൈപ്പിനിൽ എൽപിജി ടെർമിനലിനെതിരെ പോരാടിയ കുഞ്ഞുങ്ങളെയടക്കം തല്ലിച്ചതച്ച പൊലീസിന്റെ കർത്ത്യവബോധത്തെയും കാണാതിരിക്കാൻ കഴിയില്ല. ഏറ്റവുമൊടുവിൽ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിക്കാൻ എത്തിയവരുടെ ബൈക്ക് നശിപ്പിച്ചതും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് കാരണമായി.

മുകളിൽ പറഞ്ഞതിൽ അവസാനിക്കുന്നില്ല പൊലീസിന്റെ ക്രൂരകൃത്യങ്ങളും അനാസ്ഥയും. ഇത് ഒറ്റപ്പെട്ട സംഭവങ്ങളും അല്ല. ആ രീതിയിൽ കാണാനുമാകില്ല. ഈ സംഭവങ്ങളിൽ നിന്നെങ്കിലും പാഠം ഉൾക്കൊണ്ട് സേന മാറിയില്ലെന്ന് തെളിക്കുന്നതാണ് നെയ്യാറ്റിൻകരയിൽ ഒരു ജീവൻ വച്ച് പൊലീസ് പന്താടിയ സംഭവം. ഇനിയെങ്കിലും പൊലീസിനെ നവീകരിക്കുവാൻ സർക്കാരിന് കഴിയണം. അല്ലെങ്കിൽ മറ്റൊരു അനിഷ്ട സംഭവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലന്ന ഉറപ്പ് സർക്കാരിന് നൽകാൻ കഴിയണം. ഇതിന് സാധിക്കണമെങ്കിൽ ‘മൃദുഭാവവും ദൃഢ കൃത്യവും’ എന്ന കേരള പൊലീസിന്റെ ആദർശവാക്യം മറക്കാതെ ജോലി ചെയ്യണം.

MORE IN KERALA
SHOW MORE