'എല്ലാ ബുദ്ധിമുട്ടും ആ എസ്ഐ കാരണം'; പറ‍‍ഞ്ഞ് ഇരുട്ടും മുൻപേ നീനുവിന് 'മറ്റൊരു' നീതി

neenu
SHARE

''എനിക്കുണ്ടായ എല്ലാ ബുദ്ധിമുട്ടും ആ എസ്ഐ കാരണമാണ്. ശിക്ഷാനടപടികൾ വേഗത്തിലാക്കണം. ബാക്കി കേസന്വേഷണമെല്ലാം നന്നായി പോകുന്നു'', കെവിന്‍റെ മരണത്തിനുള്‍പ്പെടെ ഇടയാക്കിയത് ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബുവിന്‍റെ  അനാസ്ഥയാണെന്നു ചൂണ്ടിക്കാട്ടി നീനു മനോരമ ന്യൂസിനോട് ഇന്നു രാവിലെ പ്രതികരിച്ചത് ഇങ്ങനെയാണ്. ഇരുട്ടും മുൻപ് ആ നടപടിയെത്തി. കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടപ്പോൾ നീനുവിന് ലഭിച്ചത് മറ്റൊരു നീതി. ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്‍റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. കേസിലെ മുഖ്യപ്രതിയിൽ നിന്നാണ് ബിജുവടക്കം കോഴ വാങ്ങിയത്.  മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവർക്കുമെതിരെയുള്ള കേസ്. 

കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന കോടതി വിധിയോടെ നീതി വൈകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കെവിന്‍റെ കുടുംബം.  മെയ് 27നാണ് കെവിനെ കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. രാവിലെ പരാതിയുമായെത്തിയ കെവിന്‍റെ ഭാര്യ നീനുവിനോടുള്‍പ്പെടെ എസ്ഐ എം.എസ്. ഷിബു മോശമായി പെരുമാറി. കേസ് എടുക്കാന്‍ പോലും വിസമ്മതിച്ചു. അന്വേഷണത്തില്‍ എസ്ഐക്ക് വീഴ്ച പറ്റിയതായി ബോധ്യപ്പെട്ടു. സസ്പെന്‍ഷനിലായ എസ്ഐക്കെതിരെ ആറ് മാസം മുന്‍പ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. 

അന്വേഷണത്തിലും കോടതി നടപടികളിലും കുടുംബം തൃപ്തി പ്രകടിപ്പിച്ചു. നീനുവിന്‍റെ പിതാവ് ചാക്കോ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. ആറ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സാനു ചാക്കോ, ചാക്കോ ഉള്‍പ്പെടെ എട്ട് പ്രതികള്‍ ജയിലില്‍ തുടരുകയാണ്.

MORE IN KERALA
SHOW MORE