ട്രെയിനുകളുടെ വൈകിയോട്ടം; കാരണം അറ്റകുറ്റപ്പണികളെന്ന് റെയില്‍വേ

SHARE
train

സംസ്ഥാനത്ത് ട്രെയിനുകൾ വൈകാന്‍ കാരണം ട്രാക്കില്‍ നടക്കുന്ന അറ്റകുറ്റപ്പണികളെന്ന് റെയില്‍വേ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ അടിസ്ഥാനസൗകര്യ പരിമിതിയും വൈകലിന് കാരണമാകുന്നുവെന്ന് റെയില്‍വേ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കേസ് അടുത്തമാസം ഏഴിന് വീണ്ടും മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കും.

ട്രെയിനുകളുടെ വൈകിയോട്ടം പതിവായതോടെയാണ് സ്ഥിരം യാത്രക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. കഴിഞ്ഞമാസം ആദ്യം കേസ് പരിഗണിച്ച കമ്മിഷന്‍ മുന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം ഷൊര്‍ണൂര്‍ ഡിവിഷനുകളില്‍ ട്രാക്കില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ് ട്രെയിനുകള്‍ വൈകുന്നതിന് കാരണമെന്നാണ് റെയില്‍വേയുടെ വിശദീകരണം. അഞ്ച് പ്ലാറ്റ്ഫോമുകളുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വഴി രാവിലെ 7നും 11നുമിടയിൽ പതിമൂന്ന് ട്രെയിനുകള്‍ കടന്നുപോകുന്നുണ്ടെന്നും ഇതും വൈകലിന് കാരണമാകുന്നുവെന്നും മനുഷ്യാവകാശ കമ്മിഷന് രേഖാമൂലം നല്‍കിയ മറുപടയില്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ തിരുവനന്തപുരത്ത് യാത്ര അവസാനിക്കുന്ന മലബാര്‍, ഇന്റര്‍സിറ്റി, വഞ്ചിനാട് എന്നീ ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ കമ്മിഷനെ അറിയിച്ചു.

അതേസമയം ഏതു ട്രെയിൻ ആദ്യം പുറപ്പെടുമെന്നും ലക്ഷ്യസ്ഥാനത്തെത്തുമെന്നും യാത്രക്കാരെ റെയില്‍വേ അറിയിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ വീൽസ് മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി.

MORE IN KERALA
SHOW MORE