കുറഞ്ഞ ചെലവില്‍ കൂടുതല്‍ വേഗത്തില്‍ കായല്‍ ഭംഗി ആസ്വദിച്ച് ബോട്ട് യാത്ര

ac-boat
SHARE

മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ അതിവേഗ എസി ബോട്ട് സര്‍വീസിന് ഞായറാഴ്ച വൈക്കത്ത് തുടക്കമാകും. വൈക്കത്തു നിന്നു കൊച്ചിയിലേക്കുള്ള 33 കിലോമീറ്റർ ഒന്നേമുക്കാല്‍ മണിക്കൂറില്‍ പിന്നിടാനാകും.

സംസ്ഥാനത്തെ ആദ്യത്തെ അതിവേഗ എസി ബോട്ടിന് വേഗ 120 എന്നാണ് പേര്. എസി, നോണ്‍ എസി കംപാര്‍ട്ട്മെന്‍റുകളിലായി 120 പേര്‍ക്ക് സഞ്ചരിക്കാം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ വേഗത്തില്‍ കായല്‍ ഭംഗിയും ആസ്വദിച്ച് ദൂരങ്ങള്‍ താണ്ടാനുള്ള അവസരം. വൈക്കത്തു നിന്ന് ആരംഭിക്കുന്ന സര്‍വീസ് അവസാനിക്കുന്നത് എറണാകുളം സുഭാഷ് പാർക്കിനു സമീപത്തുള്ള ബോട്ട് ജെട്ടിയിലാണ്. ആലപ്പുഴ ജില്ലയിലെ പെരുമ്പളം സൗത്ത്, പാണാവള്ളി, എറണാകുളം ജില്ലയിലെ തേവര ഫെറി എന്നിവിടങ്ങളായിരിക്കും വേഗ 120ന്റെ സ്റ്റോപ്പുകൾ. ആദ്യദിനങ്ങളിൽ രാവിലെയും വൈകിട്ടും 2 സർവീസുകളാണു വേഗ 120 നടത്തുന്നത്. 

നോൺ എസി യാത്രയ്ക്ക് 40 രൂപയും എസി യാത്രയ്ക്ക് 80 രൂപയുമാണ് ഈടാക്കുന്നത്. സാധാരണ ബോട്ടുകൾ മണിക്കൂറിൽ 13– 14 കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ വേഗ മണിക്കൂറിൽ 25 കിലോമീറ്റർ താണ്ടും. 4 ജീവനക്കാർ സദാസമയവും ബോട്ടിലുണ്ടാകും. ഹൈഡ്രോളിക് എൻജിനു പുറമേ ഇലക്ട്രിക് എൻജിനും ഘടിപ്പിച്ചിട്ടുള്ള  ബോട്ടിന്റെ റൂട്ട് ട്രാക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. കുടുംബശ്രീയുമായി ചേർന്ന് ബോട്ടിനുള്ളിൽ ലഘുഭക്ഷണം ഒരുക്കാനും പദ്ധതിയുണ്ട്.  വേഗ 120ന്റെ ഉദ്ഘാടനം ഞായറാഴ്ച മന്ത്രി തോമസ് ഐസക് നിർവഹിക്കും. 

MORE IN KERALA
SHOW MORE