പെൺകുട്ടി അപശകുനം; ആറുമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ ദമ്പതികൾക്ക് ജീവപര്യന്തം

alapuzha-murder
SHARE

ആലപ്പുഴയിൽ പെൺകുട്ടി അപശകുനമെന്ന വിശ്വാസത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശിൽനിന്നുള്ള തൊഴിലാളി ദമ്പതികൾക്കു ജീവപര്യന്തം തടവും ലക്ഷം രൂപ വീതം പിഴയും. മൂന്നാം പ്രതിക്കു 3 വർഷം കഠിന തടവ്. ഉത്തർപ്രദേശിലെ ദേവേറിയ സ്വദേശികളായ ബാഷ്ദേവ് (48), ഭാര്യ പ്രതിഭ (38), സുഹൃത്ത് ബിഹാർ സ്വദേശി ഘനോജ് പ്രസാദ് (33) എന്നിവര‌‌െയാണ് ജില്ലാ അഡീഷനൽ സെഷൻസ് ആൻഡ് പോക്സോ കോടതി ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ ശിക്ഷിച്ചത്. ‌

2015 നവംബർ 11ന് ആണ് കേസിനാസ്പദമായ സംഭവം. ബാഷ്ദേവും പ്രതിഭയും കായംകുളം മേടമുക്കിനു സമീപം പണ്ടകശാല വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. മകൾ ശിവാനിയെ കാലിൽ പിടിച്ചു കട്ടിലിൽ തലയടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കുഞ്ഞിന്റെ ജഡം അഴീക്കൽ കടൽതീരത്ത് പുലിമുട്ടിൽ ഉപേക്ഷിച്ചു.

ചൂണ്ടയിടാൻ എത്തിയവരാണു ജഡത്തെക്കുറിച്ചു പൊലീസിൽ അറിയിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ തുണച്ചു.അജ്ഞാത ജഡം കണ്ടെത്തിയെന്ന് ഓച്ചിറ പൊലീസ് വാർത്തയെ തുടർന്നു രണ്ടുപേർ നിർണായകമായ മൊഴി നൽകി. പ്രതിഭ ഓട്ടോറിക്ഷയിൽ എന്തോ കൊണ്ടുപോയി അഴീക്കലിൽ കളഞ്ഞതായും ഇവരുടെ കുട്ടിയെ കാണാനില്ലെന്നുമുള്ള രഹസ്യ മൊഴിയനുസരിച്ചാണ് കായംകുളം സിഐ കെ.എസ്.ഉദയഭാനു പ്രതികളെ പിടികൂടിയത്.

MORE IN KERALA
SHOW MORE