ആൾക്കൂട്ടത്തി​ന്റെ നായകന് 75; ആഘോഷങ്ങളില്ലാതെ ഈ ജന്മദിനവും

oomen
SHARE

ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപത്തഞ്ചാം പിറന്നാള്‍. കെ.എസ്.യു വഴി തുടങ്ങിയ രാഷ്ട്രീയജീവിതം 75ല്‍ എത്തിനില്‍ക്കുമ്പോള്‍ തിരക്ക് കൂടുകയല്ലാതെ കുറയുന്നില്ല അദ്ദേഹത്തിന്.  

ജനങ്ങള്‍ക്കിടയിലാണ് എന്നും ഉമ്മന്‍ചാണ്ടി, ആദ്യം വിദ്യാര്‍ഥികള്‍ക്കൊപ്പം, പിന്നെ പുതുപ്പള്ളിക്കാര്‍ക്കും ശേഷം എല്ലാ മലയാളികള്‍ക്കും ഒപ്പം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് അവരുടെ ജനപ്രതിനിധിയായി കേരളനിയമസഭ കണ്ടത് 1970ല്‍. ഏഴുവര്‍ഷം കഴിഞ്ഞ് തൊഴില്‍ മന്ത്രിയായപ്പോള്‍ തൊഴിലില്ലായ്മ വേതനം നടപ്പാക്കി ചെറുപ്പക്കാര്‍ക്കൊപ്പം നിന്നു. മുഖ്യമന്ത്രിയായപ്പോള്‍ വികസനവും കരുതലുമായിരുന്നു ആപ്തവാക്യം. അങ്ങനെ വല്ലാര്‍പാടവും സ്മാര്‍ട് സിറ്റിയും കൊച്ചിമെട്രോയുമൊക്കെ നടപ്പാക്കുന്നതിനൊപ്പം ജനസമ്പര്‍ക്ക വേദിയിലിരുന്ന് സാധാരണക്കാരന്റെ വേദനഅറിയാനും ശ്രമിച്ചു അദ്ദേഹം. രാഷ്ട്രീയ തന്ത്രജ്ഞതയില്‍ കെ.കരുണാകരനെയും വിസ്മയിപ്പിക്കും ഉമ്മന്‍ചാണ്ടിയെന്ന് ചിലര്‍.

ഗ്രൂപ്പ് പോരാട്ടങ്ങളുടെ ചരിത്രസന്ധികളില്‍ എ ഗ്രൂപ്പിന് നിര്‍ണായക മേല്‍ക്കൈ നേടിയ സംഭവങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ കയ്യൊപ്പുണ്ടായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പാര്‍ലമെന്ററി രംഗത്ത് നായകനായി നിന്നപ്പോഴും പാര്‍ട്ടി പദവികളില്‍ അദ്ദേഹമില്ലായിരുന്നു എന്നോര്‍ക്കണം.  പക്ഷേ കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറും തന്ത്രജ്ഞനുമാണ് ഇന്നും ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് തലമുറമാറ്റത്തിന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ 75 രാഷ്ട്രീയ യൗവനമായിക്കണ്ട് പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ ചുമതലയേല്‍പ്പിച്ച് അദ്ദേഹത്തെ രാഹുല്‍ ഗാന്ധി ആന്ധ്രയിലേക്ക് നിയോഗിച്ചത്. സോളര്‍ കേസിനെക്കാള്‍ ആന്ധ്രയെ വെല്ലുവിളിയായി കണ്ട് ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചു നീങ്ങുകയാണ് അദ്ദേഹം,  തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ

MORE IN KERALA
SHOW MORE