ഈ അമ്മൂമ്മ ഞെട്ടിച്ചു; 96–ാം വയസ്സില്‍ 98 മാര്‍ക്ക്; സംസ്ഥാനത്ത് ഒന്നാമത്

മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ മനം കവർന്ന ആ ചിത്രത്തിലെ നായിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ആ പരീക്ഷയിലെ ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഞെട്ടല്‍. സംസ്ഥാനത്തെ തന്നെ ഉയർന്ന മാർക്കോടെ ഹരിപ്പാട് നിന്നുള്ള ആ 96 വയസുകാരി കാർത്ത്യായനിയമ്മ നാലാംക്ലാസ് തുല്യത പരീക്ഷ പാസായി. മലയാള മനോരമ പത്രത്തിൽ അച്ചടിച്ച് വന്ന ആ ചിത്രം കേരളത്തിന്റെ മനം കവർന്നിരുന്നു. 

സാക്ഷരതാ മിഷൻ പുറത്തിറക്കിയ പരീക്ഷാഫലത്തിൽ നൂറിൽ 98 മാർക്കോടെയാണ് ഇൗ 96കാരി പാസായിരിക്കുന്നത്. ഇത്ര ഉയർന്ന മാർക്ക് റെക്കോർഡാണെന്നും സാക്ഷരതാ മിഷൺ സാക്ഷ്യപ്പെടുത്തുന്നു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വച്ച്  പരീക്ഷ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ചരിത്രം എഴുതിയ കാർത്ത്യായനിയമ്മയ്ക്ക് പ്രത്യേക അഭിനന്ദനവും മുഖ്യമന്ത്രി നൽകും. 42,933 പേരെഴുതിയ പരീക്ഷയിൽ ഏറ്റവും പ്രായമുള്ള പരീക്ഷാർഥിയായിരുന്നു കല്ല്യാണിയമ്മ. 

സംസ്ഥാന സാക്ഷരാതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായിരുന്നു ഇൗ പരീക്ഷ. ഇതിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 99.08 ആണ് വിജയശതമാനം. 43,330 പേർ പരീക്ഷയെഴുതിയതിൽ 42,933പേരും വിജയിച്ചു എന്നത് പദ്ധതിയുടെ മികവിലേക്കും വിരൽചൂണ്ടുന്നു. 

നൂറാം വയസിൽ പത്താംക്ലാസ് തുല്യത പരീക്ഷ പാസാവണമെന്ന മോഹവുമായി പഠനത്തിൽ തുടരുകയാണ് കാർത്ത്യായനിയമ്മ. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ കാർത്ത്യായനിയമ്മയുടെ  അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് ലഭിച്ചത്. ഇരുവരുടെയും പരീക്ഷാ വിജയത്തോടെ സോഷ്യൽ ലോകത്തും താരമായിരിക്കുകയാണ് വീണ്ടും.

വിശദമായ വാര്‍ത്ത ഈ ലിങ്കില്‍