പികെ ശശിയെ സംരക്ഷിച്ച് സിപിഎം; പരാതി ചർച്ചയാക്കരുതെന്ന് നിർദേശം

pk sasi
SHARE

ഷൊർണൂർ എംഎൽഎ പികെ ശശിക്ക് സംരക്ഷണമേകി സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ പീഡനപരാതി ചർച്ചയാക്കരുതെന്ന നേതാക്കളുടെ നിലപാടും പികെ ശശി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതും നീതി തേടുന്ന പരാതിക്കാരിക്ക് തിരിച്ചടിയായി. കൂറ്റനാട് നടക്കുന്ന ഡിവൈഎഫ്ഐ പാലക്കാട്  ജില്ലാ സമ്മേളനത്തിൽ സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പീഡന പരാതി ചർച്ചയാക്കരുതെന്ന് DYFI സംസ്ഥാന സെക്രട്ടറി എം സ്വരാജ് അഭിപ്രായപ്പെട്ടതായാണ് വിവരം. 

നേതൃത്വത്തിന്റെ ഈ വിലക്കിനെ മറികടന്ന് ഏഴ് ബ്ളോക് കമ്മിറ്റികൾ വിഷയം ചർച്ച ചെയ്തു. എന്ത് വിഷയം ചർച്ച ചെയ്യണമെന്ന് സംസ്ഥാന നേതാക്കൾ നിശ്ചയിക്കുന്നത് ശരിയല്ലെന്ന്  പുതുശേരി, മുണ്ടൂർ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനയിൽ വനിതകൾക്ക് എന്ത് സുരക്ഷയാണുള്ളതെന്ന ഒരു വനിതാ അംഗത്തിന്റെ ചോദ്യവും ഉയർന്നു. സമ്മേളനം അലങ്കോലപ്പെടുത്തരുതെന്ന് നേതൃത്വത്തിന് പറയേണ്ടി വന്നതായാണ് വിവരം. പികെ ശശിക്കെതിരെ പാർട്ടിക്ക് പരാതി നൽകിയ യുവതിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകളെല്ലാം. അതിനിടെ പൊതുവേദികളിൽ പികെ ശശി പങ്കെടുക്കുന്നതിന് യാതൊരു വിലക്കും ഇല്ലെന്ന് വീണ്ടും തെളിഞ്ഞു. 

പികെഎസ് സംസ്ഥാന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എകെ ബാലനൊടൊപ്പവും പികെ ശശി വേദി പങ്കിട്ടു. ശശിയെ കൈ ഉയർത്തി അഭിവാദ്യം ചെയ്താണ് പിണറായി വേദി വിട്ടത്. ലൈംഗീകപീഡന പരിധിയിൽ വരുന്ന പരാതിയല്ലെന്ന് വരുത്തി തീർത്ത് പികെ ശശിക്കെതിരെ കാര്യമായ നടപടിയെടുക്കാതെ മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമം. പീഡന പരാതി ഗൂഢാലോചനയാണെന്നാണ് പികെ ശശിയും ശശിയോടൊപ്പം നിൽക്കുന്നവരും പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചത്. അതിനാൽ ശശിക്കെതിരെ മാത്രമല്ല ഗൂഢാലോചന നടത്തിയവർക്കെതിരെയും നടപടി വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും അന്വേഷണത്തെ ബാധിച്ചിരിക്കുകയാണ്.  

MORE IN KERALA
SHOW MORE