ഇതുപോലെയുളള ‘രോമ’ങ്ങളെ അകത്തിടണം'; രാഹുലിന്റെ അറസ്റ്റിൽ തറയിലിനെ കൊട്ടി ബൽറാം

rahul-tharayil-balaram
SHARE

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന്  അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ അറസ്റ്റിലായ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവും തൃത്താല എംഎൽഎയുമായ വി.ടി ബൽറാം രംഗത്ത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത തന്റെ നിലപാട് അറിയിച്ച് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ച വിമർശനത്തുടർച്ചയാണ് പുതിയ പോസ്റ്റും. രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബൽറാം പറയുന്നു.

ചാനൽചർച്ചകളിൽ രാഹുൽ ഈശ്വരിനെയും തന്ത്രിയേയും സംരക്ഷിക്കുന്ന നിലപാട് എടുത്ത കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും ബൽറാം ലക്ഷ്യമിടുന്നുണ്ട്. രാഹുൽ ഈശ്വരിന്റെ രോമത്തിൽ തൊടാൻ സർക്കാരിനെ അനുവദിക്കില്ലെന്ന ചാനൽ ചർച്ചയിൽ പറഞ്ഞ കോൺഗ്രസ് നേതാവ് അജയ് തറയിലിനും പേരെടുത്ത് പറയാതെ വിമർശനം ഉണ്ട്. ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യമെന്നും തറയിലിനെ ഉന്നമിട്ട് ബൽറാം പറയുന്നു. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല.–ബൽറാം പറയുന്നു. 

ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ലെന്ന് കഴിഞ്ഞ ദിവസം ബൽറാം വിമർശനം ഉന്നയിച്ചിരുന്നു. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്. ബൽറാം കുറിച്ചു.

രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ പേരില്‍ കേസെടുക്കാന്‍ ഒരു ന്യായവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയിൽ അഭിപ്രായപ്പെട്ടിരുന്നു‍. മറ്റുചിലയാളുകള്‍ പദ്ധതിയിട്ടിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. പദ്ധതിയിട്ട ആളുകളെ കുറിച്ച് അന്വേഷിക്കാനും അവരുടെ പേരില്‍ നടപടിയെടുക്കുന്നതിനും പകരം രാഹുല്‍ ഈശ്വറിന്റെ മേല്‍ കുതിര കയറുന്നത് നീതീകരിക്കാനാവില്ല. ഇന്ന് ഞായറാഴ്ച രാഹുലിനെ അറസ്റ്റ് ചെയ്തത് ജാമ്യം നിഷേധിക്കുന്നതിന് വേണ്ടിയാണെന്നും കലാപാഹ്വാനം നടത്തിയെന്ന പേരില്‍ കേസെടുത്ത പൊലീസിന്റെ നടപടി മ്ലേച്ഛമാണെന്നും അജയ് തറയില്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുമുണ്ട്.

തിരുവനന്തപുരത്തെ നന്ദാവനത്തില്‍ നിന്നുള്ള ഫ്ളാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. കലാപാഹ്വാനം ചെയ്തതെന്ന് ആരോപിച്ച് കൊച്ചി പൊലീസ് കഴിഞ്ഞദിവസം രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.

MORE IN KERALA
SHOW MORE