വ്രതമെടുത്തു മലചവിട്ടിക്കോളൂവെന്ന് പറഞ്ഞു; പോയി: തന്ത്രിയെ ക്രൂശിക്കേണ്ട: ലക്ഷ്മി രാജീവ്

lakshmi-rajeev
SHARE

കണ്ഠരര് രാജീവരുടെ സമ്മതത്തോടെയാണ് ശബരിമല ദർശിച്ചതെന്ന് ആവർത്തിച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്. മക്കളുണ്ടാകാതിരുന്ന സമയത്തായിരുന്നു ദർശനം. 

കണ്ഠരര് രാജീവര് എന്നെ നിര്ബന്ധിപ്പിച്ചു മല ചവിട്ടിപ്പിച്ചു എന്നൊക്കെ കണ്ടു. അത് ശരിയല്ലെന്നും കുറിപ്പില്‍ അവര്‍ വിശദീകരിക്കുന്നു. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാൽ പതിനെട്ടു വർഷം അവനെയും കൊണ്ട് പോകണം. സ്വാമി അനുഗ്രഹിക്കട്ടെ എന്ന് തന്ത്രി പറഞ്ഞതായും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തിരുവനന്തപുരം സ്വദേശിനി ലക്ഷ്മി വ്യക്തമാക്കുന്നു.  പോസ്റ്റ് ഇങ്ങനെ: 

കണ്ഠരര് രാജീവര് എന്നെ നിര്ബന്ധിപ്പിച്ചു മല ചവിട്ടിപ്പിച്ചു എന്നൊക്കെ കണ്ടു. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാൽ പതിനെട്ടു വർഷം അവനെയും കൊണ്ട് പോകണം . സ്വാമി അനുഗ്രഹിക്കട്ടെ എന്ന് പറയുമ്പോൾ അദ്ദേഹം മാത്രമല്ല- എന്നോട് അത്തരത്തിലുള്ള കഠിനമായ പലതും ചെയ്യാൻ പറഞ്ഞ പലരും ഉണ്ട്. ചെയ്‌തിട്ടുണ്ട്. നാരായണീയം വിവർത്തനം ചെയ്തത് ഉൾപ്പെടെ.ബാക്കി ഉള്ളത് തിരുപ്പതിയിൽ പോയി തല മൊട്ടയടിക്കാം എന്നുള്ള നേർച്ചയും ആറ്റുകാൽ നൂറു കലം പൊങ്കാല ഇടാമെന്നതും, രാമേശ്വരത്തു പോയി അച്ഛന് ബലി ഇടാമെന്നതും മാത്രമാണ്.

പിന്നെ അതിലൊന്നുമല്ല ഈശ്വരൻ എന്ന് മനസിലാക്കുന്ന മറ്റൊരു അവസ്ഥ വന്നു. അതും ഭക്തിയാണ് . അടുത്ത ഘട്ടം സകലതും ഉപേക്ഷിച്ചുള്ള യാത്രയാണ്. ചിലപ്പോൾ വേറെ എന്തെങ്കിലും ആവും.

ഷൈൻ ചെയ്യാൻ ഞാൻ ജീവിച്ച ചില നിമിഷങ്ങളുടെ കുറച്ചു ഫോട്ടോസ് ഇവിടെ ഇട്ടാൽ മതിയാവും. അതിനൊന്നും മുതിരുന്നില്ല.

പത്തനം തിട്ട കളക്ടർ ആയിരുന്നപ്പോൾ യുവതിയായ താൻ ശബരിമലയിൽ പോയ വിവരം ഒരു IAS ഓഫീസർ പറയുന്നത് കേട്ടു . സ്ത്രീകൾ ഈ അധഃപതനം കണ്ടു സഹിക്കാതെ പറഞ്ഞു പോകുന്നതാണ്. ഞാനുമതെ . കണ്ഠരര് രാജീവര് പോകാം എന്ന് പറഞ്ഞിട്ടുണ്ട്, പോയിട്ടുണ്ട്. പിറ്റേ ദിവസമല്ല- അങ്ങനെ പറഞ്ഞതിന്റെ അടുത്ത വർഷമാണ്. നന്നായി ആലോചിച്ചു, വ്രതം എടുത്തും ശരണം വിളിച്ചും.

ശബരിമല അടച്ചു ഇറങ്ങിക്കളയും എന്ന് കണ്ഠരര് പറയുമ്പോൾ അയാൾ ഭക്തനുമല്ല, നിയമം അനുസരിക്കുന്ന പൗരനുമല്ല. ഇത്രയേ ഉള്ളൂ മെസ്സേജ്. ശബരിമലയിൽ പോയ ആദ്യത്തെ പെണ്ണല്ല ഞാൻ. ആവശ്യമില്ലാതെ അയാളെയും ക്രൂശിക്കേണ്ട. അവിടെ പണവും സ്വാധീനവുമുള്ള നിരവധി പേര് പോയിട്ടുണ്ട്, ഒന്നും അറിയാത്ത പാവങ്ങളും പോയിട്ടുണ്ട്.തമാശക്ക് കയറി ഇറങ്ങാനുള്ള സ്ഥലമല്ല അത്. അതാണ് ഞാൻ ഈ സംഘർഷത്തിനിടയിൽ പോകാൻ കടുത്ത സമ്മർദ്ദം ഉണ്ടായിട്ടും പോകാത്തത്.

വിശ്വാസം ഉള്ളവർ പോകണം. കല്ലിലും മുള്ളിലും പൂവിലും തുരുമ്പിലും അയ്യപ്പനെ കണ്ടു പോകണം. ഞാൻ അങ്ങനെയാണ് പോയത്.

അസംബന്ധങ്ങൾ എഴുതി ഉണ്ടാക്കരുത്.വിശ്വാസത്തിനു മലകളെ ഇളക്കാനുള്ള ശക്തിയുണ്ട് എന്ന് ബൈബിൾ. ഈശ്വരനിൽ അടിയുറച്ച വിശ്വാസം അത്ര എളുപ്പം കൈവരുന്ന ഒന്നല്ല. അതിനു വേണ്ടീ ശ്രമിക്കണം. അതിനു കഴിഞ്ഞാൽ അയ്യപ്പൻ താഴെവന്നു കൈ പിടിച്ചോണ്ട് പോകും.

MORE IN KERALA
SHOW MORE