പിഎസ്‌സി കോച്ചിങ്ങിനായി പോയ പെൺകുട്ടി തിരിച്ചെത്തിയില്ല; ബീച്ച് പരീസരത്ത് ബാഗ്; ദുരൂഹം

shabana-missing
SHARE

തൃക്കടവൂർ നീരാവിൽ സ്വദേശിനി ഷബ്നയുടെ (18) തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വഴിമുട്ടി. പുതിയ അന്വേഷണ സംഘത്തിനു കേസ് കൈമാറി. ഓഗസ്റ്റ് 17ന് ആണ് നീരാവിൽ ആണിക്കുളത്തു ചിറയിൽവീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഷബ്നയെ കൊല്ലം ബീച്ച് പരിസരത്തു നിന്നും കാണാതാകുന്നത്. പിഎസ്‌സി കോച്ചിങ്ങിനായി കടവൂരിലേക്കു പോയ ഷബ്നയെ കൊല്ലം ബീച്ചിനു സമീപം കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണു സ്ഥിരീകരിച്ചത്.

ബാഗും ബീച്ച് പരിസരത്തു നിന്നു ലഭിച്ചിരുന്നു. എന്നാൽ പിന്നീട് എന്താണു സംഭവിച്ചതെന്നു മാത്രം ഇനിയും കണ്ടെത്താനായിട്ടില്ല. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ കടലിലും തിരച്ചിൽ നടത്തിയിരുന്നു. ഷബ്നയുമായി അടുപ്പമുണ്ടായിരുന്നുവെന്നു പറയുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇയാൾ വാങ്ങിനൽകിയതായി പറയുന്ന മൊബൈൽ ഫോൺ വീട്ടിലെ ഷെയ്ഡിന്റെ മുകളിൽ നിന്നു ലഭിച്ചിരുന്നു. കാണാതാകുന്ന ദിവസം രാവിലെയും ആ ഫോണിൽ നിന്നു യുവാവിനെ ഷബ്ന വിളിച്ചിരുന്നു.എന്നാൽ ഷബ്നയുടെ തിരോധാനത്തിൽ യുവാവിന്റെ പങ്ക് തെളിയിക്കാനായിട്ടില്ല.അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള പൊലീസ് നീക്കത്തിനു യുവാവിന്റെ സമ്മതമില്ലാത്തതിനാൽ കോടതി അനുമതി നിഷേധിച്ചിരുന്നു.

എന്നാൽ‌ പെൺകുട്ടിയുടെ വീട്ടുകാർ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നു കോടതി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഷബ്നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുതിയ സംഘത്തിനു കൈമാറിയിട്ടുണ്ട്.

MORE IN KERALA
SHOW MORE