ജാതി തൈകള്‍ക്കൊപ്പം ഊദ് കൃഷി; കാസർകോടിന് സുഗന്ധമേറുന്നു

kasargod-oodh
SHARE

ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളിലൊന്നായ ഊദ് കാസര്‍കോടിന്റെ മലയോരത്തും വ്യാപകമാകുന്നു. പരപ്പ സ്വദേശി ദിവാകരന്‍ നമ്പ്യാരും സുഹൃത്തുക്കളും ചേര്‍ന്നാണ് കേരളത്തിന്റെ മണ്ണിലും ഊദിന്റെ പരിമളം പരത്താന്‍ ഒരുങ്ങുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ കൃഷിയില്‍ നിന്ന് മികച്ച വരുവാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ മലയോര മേഖലയിലെ കാലാവസ്ഥ ഊദ് കൃഷിക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. 

സുഗന്ധദ്രവ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുകളിലാണ് ഊദിന്റെ സ്ഥാനം. ഉദും, ഊദിന്റെ അത്തറും ലോകമെമ്പാടുമുള്ള സുഗന്ധദ്രവ്യ വിപണിയിലെ മൂല്യമേറിയ വസ്തുക്കളാണ്. കമ്പോഡിയയും, വിയറ്റ്നാമും കഴിഞ്ഞാല്‍ അസാമിലെ മഴക്കാടുകളിലാണ് ഊദ് ഏറ്റവും കൂടുതലായി വളരുന്നു.  വളര്‍ച്ചയെത്തിയ മരത്തില്‍ ഒരു പ്രത്യേക ഫംഗസിന്റെ പ്രവര്‍ത്തനഫലമായാണ് ഊദ് എന്ന സുഗന്ധദ്രവ്യമുണ്ടാകുന്നത്. 

കൃഷിയിടത്തിലെ ജാതി തൈകള്‍ക്കൊപ്പം നാലുവര്‍ഷം മുമ്പാണ് ദിവാകരന്‍ നമ്പ്യാര്‍  ഊദ് നടുന്നത്ത്. ഒരു നഴ്സറിയില്‍ നിന്ന് പത്തു മരങ്ങള്‍ വാങ്ങി. മലയാള മനോരമയുടെ കര്‍ഷകശ്രീയില്‍ വന്ന ലേഖനം ഊദിന്റെ വിപണന സാധ്യതകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. പരിശീലനത്തിനായി അസാമിലെ ജോര്‍ഹട്ട് റെയിന്‍ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചു. ഇവിടുത്തെ പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാവസായികമായി തന്നെ ഊദ്  കൃഷി ചെയ്യാന്‍ ഈ കര്‍ഷകന്‍ തീരുമാനിച്ചത്. പിന്തുണയുമായി മൂന്നു സുഹൃത്തുക്കളും ഒപ്പമുണ്ട്.

ഊദ് മരത്തില്‍ സുഗന്ധം നിറയ്ക്കുന്ന ഫംഗസിന്റെ ഉല്‍പാദനമാണ് കൃഷിയിലെ പ്രദാന വെല്ലുവിളി. ഈ മരം വ്യാപകമായി വളരുന്ന പ്രദേശങ്ങളില്‍ സ്വഭാവികമായി തന്നെ ഫംഗസിന്റെ പ്രവര്‍ത്തനവും നടക്കുന്നു. എന്നാല്‍ കൃഷി കേരളത്തിലേയ്ക്കു പറിച്ചു നടുമ്പോള്‍ ഫംഗസിനെ കൃത്രിമമായി ഉണ്ടാക്കിയെടുക്കണം. വിദഗ്ദ്ധരുടെ സേവനം ഇതിന് ലഭ്യമാണ്. പക്ഷേ പണച്ചെലവേറുമെന്നു മാത്രം. നിലവില്‍ കൃഷിയിടത്തിലുള്ള മരങ്ങളില്‍ ഏറെ ബുദ്ധിമുട്ടി സംഘടിപ്പിച്ച കൃത്രിമ ഫംഗസ് അടങ്ങിയ ലായനി പ്രയോഗിക്കുന്നുണ്ട്. ലാഭമേറെയുള്ള കൃഷിയില്‍ പ്രതിസന്ധികളും അത്രത്തോളമുണ്ട്. അസാമില്‍ നിന്ന് ഊദിന്റെ തൈകളും ഇദ്ദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് പണം നല്‍കി ഇവ വാങ്ങുന്നതിനുള്ള അവസരവുമണ്ട്. 

MORE IN KERALA
SHOW MORE