എല്ലാം മോഹൻലാലിന്‍റെ തലയിൽ ഇടണ്ട, പ്രളയത്തിനും പഴി; 'അമ്മ' കുറിപ്പ് ഇതാ

amma-wcc-new
SHARE

അമ്മക്കെതിരെ രൂക്ഷവിമർശനവുമായി പത്രസമ്മേളനം നടത്തിയ ഡബ്ല്യുസിസി അംഗങ്ങൾക്ക് അമ്മയുടെ മറുപടി. രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ, ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അമ്മ വക്താവ് ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാ വിഷയങ്ങളിലും സ്നേഹത്തിന്‍റെയും സമന്വയത്തിന്‍റെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പു നൽകിയതാണ് .കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനങ്ങൾ ശ്രീ മോഹൻലാലിന്‍റെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

രേവതിയും പാർവതിയും പത്മപ്രിയയും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അമ്മയുടെ ശ്രമങ്ങൾക്കിടയിലാണ് ചരിത്രം കണ്ടിട്ടുള്ളതിൽ  വച്ചു ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചത്. ശ്രീമതി കവിയൂർ പൊന്നമ്മ ഉൾപ്പടെയുള്ള അമ്മയുടെ പല അംഗങ്ങൾക്കും ഈ പ്രളയത്തിന്‍റെ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്നു. അവർക്കു വേണ്ടിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് അമ്മ കൂടുതൽ പ്രാധാന്യം നൽകി.

പ്രളയക്കെടുതികളിൽ നിന്നും കര കയറ്റി കേരളത്തെ പുനർനിർമ്മിയ്ക്കുന്നതിനുള്ള സർക്കാരിന്‍റെ ശ്രമങ്ങളിൽ അമ്മയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദ്യ രണ്ടു ഗടുക്കളായി 50 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കഴിഞ്ഞു .തുടർന്ന് ഡിസംബറിൽ ഗൾഫിൽ ഒരു ഷോ നടത്തി നല്ലൊരു തുക സമാഹരിച്ചു നൽകാൻ അമ്മ ഉദ്ദേശിക്കുന്നുണ്ട്. ആ ഷോയുടെ തയ്യാറെടുപ്പിലാണ് ഞങ്ങൾ. എന്നാലും അധികം വൈകാതെ തന്നെ ഒരു വിശേഷാൽ ജനറൽ ബോഡി യോഗം  വിളിച്ചു കൂട്ടാമെന്ന് അമ്മ കരുതുന്നു. ഈ വിഷയത്തിൽ  സാംസ്കാരിക കേരളത്തിൻ്റെ ഉത്കണ്ഠ കണക്കിലെടുത്തു കൊണ്ട് ജനറൽ ബോഡി യോഗത്തിൽ ചട്ടങ്ങൾക്കപ്പുറം, ധാർമ്മികതയിലൂന്നിയുള്ള ഉചിത തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 

MORE IN KERALA
SHOW MORE