തെരുവുനായ നിയന്ത്രണം; ഗ്രാമപഞ്ചായത്തുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാർ

stray-dog
SHARE

തെരുവുനായ നിയന്ത്രണത്തിന് ഗ്രാമപഞ്ചായത്തുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍. തെരുവ്നായ വന്ധ്യംകരണത്തിനുള്ള നടപടി തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 

തെരുവ്നായ വന്ധ്യംകരണത്തിനുള്ള നടപടി തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ഇതിനായി കുടുംബശ്രീയുടെ എ. ബി. സി മൈക്രോ യൂണിറ്റുകളെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. പഞ്ചായത്തുകളില്‍ തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങള്‍ വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ കണ്ടെത്തി എ. ബി. സി പ്രോഗ്രാം യൂണിറ്റുകള്‍ക്ക് നല്‍കണം. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്കു മുന്നിലെത്തുന്ന പരാതികളില്‍ യഥാവിധി സത്യവാങ്മൂലം സമര്‍പ്പിക്കണം.

ഗ്രാമപഞ്ചായത്തുകളുടെ വീഴ്ച കാരണം അനര്‍ഹര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.  ഉറവിട മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും തെരുവോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനുമുള്ള പദ്ധതികള്‍ ശുചിത്വമിഷനുമായി കൂടിയാലോചിച്ച് അടിയന്തരമായി നടപ്പാക്കാനും നിര്‍ദ്ദേശിച്ചു. 

റോഡരുകില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കണം. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അറവുശാലകളിലും കോഴിയിറച്ചി വില്‍പന ശാലകളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉറവിട മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്. തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ ഡോഗ് ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്ക് വേണ്ട സഹായം പഞ്ചായത്തുകള്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE