കള്ളനെ പിടിക്കാനോ? അതിനും വിവരാവകാശം തുണയുണ്ട്, സംഭവം ഇങ്ങനെ

d-b-binu-mobile
SHARE

ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുന്ന എത്ര പേരുണ്ടാകും ? പരാതി നല്‍കിയാല്‍ തന്നെ കാര്യമായ നടപടി പൊലീസില്‍ നിന്നുണ്ടാകില്ല എന്ന ധാരണയില്‍ അതിനൊന്നും മെനക്കെടാതെ  പുതിയ ഫോണ്‍ വാങ്ങുന്നവരാണ് ഏറെയും. എന്നാല്‍ മൊബൈല്‍ ഫോണ്‍ മോഷണക്കേസുകളിലെ പരാതി കിട്ടിയാലും നടപടിയൊന്നും എടുക്കാതിരിക്കുന്ന പൊലീസിനെ കൊണ്ട് വിവരാവകാശ നിയമത്തിലൂടെ നടപടിയെടുപ്പിച്ച കഥയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനുവിന് പറയാനുളളത്.

ഇക്കഴിഞ്ഞ ആഗസ്ത് 9ന് രാത്രിയില്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ബിനുവിന് തന്‍റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത്. അന്നു തന്നെ റെയില്‍വെ പൊലീസില്‍ ബിനു പരാതിയും നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടിയൊന്നും പൊലീസില്‍ നിന്നുണ്ടായില്ല. കൊഗ്നിസിബിള്‍ ഒഫന്‍സെന്ന നിലയില്‍ എഫ്ഐആര്‍ ചുമത്തേണ്ട സംഭവമായിട്ടു കൂടി  ഇതിനു പോലും റെയില്‍വെ പൊലീസ് തയാറായില്ല. ഇതോടെയാണ് ബിനു വിവരാവകാശ നിയമം പ്രയോഗിച്ചത്. താന്‍ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നാവശ്യപ്പെട്ട് ബിനു റെയില്‍വെ പൊലീസിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ഈ അപേക്ഷ കിട്ടിയതോടെ പരാതിയില്‍ അത്ര ദിവസം അടയിരുന്ന റെയില്‍വെ പൊലീസ് ഉണര്‍ന്നു. എഫ്ഐആര്‍ ഇട്ടു. പിന്നാലെ കേസ് സംസ്ഥാന പൊലീസിന്‍റെ സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. സൈബര്‍ സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ മലപ്പുറത്തു നിന്ന് കണ്ടെത്തി.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടോ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ടോ പരാതി കിട്ടിയാല്‍ എഫ്ഐആര്‍ ചുമത്താനുളള ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് ബിനു പറയുന്നു. എന്നാല്‍ മിക്ക പൊലീസ് സ്റ്റേഷനിലും ഇതിന് തയാറാകാതെ കിട്ടുന്ന പരാതികള്‍ മുക്കുകയാണ് പതിവ്. എഫ്ഐആര്‍ ചുമത്തിയാല്‍ ഇതിന്‍മേല്‍ അന്വേഷണം നടത്തേണ്ടി വരുമെന്നതിനാലാണ് പൊലീസ് ഇത്തരം പരാതികളെ അവഗണിക്കാറുളളതെന്നും ബിനു പറയുന്നു. നിയമത്തെ കുറിച്ചുളള സാധാരണക്കാരുടെ അജ്ഞതയും ഇത്തരം പരാതികളെ അവഗണിക്കാന്‍ പൊലീസിന് പ്രേരണയാണ്. പൊലീസിന്‍റെ ഈ അലംഭാവത്തില്‍ മനംമടുത്താണ് ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കാന്‍ ജനങ്ങള്‍ മടിക്കുന്നതും. എന്നാല്‍ ഇത്തരം സംഭവങ്ങളിലെ പൊലീസിന്‍റെ അലംഭാവം ഒഴിവാക്കാന്‍ വിവരാവകാശ നിയമത്തിന്‍റെ സാധ്യതകള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വിവരാവകാശ പ്രവര്‍ത്തകന്‍ ആവശ്യപ്പെടുന്നത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.