'മീടു' ക്യാംപയിനിന് പിന്തുണ; മുകേഷേട്ടൻ നുണ പറയില്ലെന്നാണ് വിശ്വാസം: മേതിൽ ദേവിക

methil-devika-mukesh-kumar
SHARE

ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ തന്നെ ശല്യപ്പെടുത്തിയെന്ന ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് മീ ടു ക്യാംപയിനിലൂടെ ഉന്നയിച്ച ആരോപണത്തോട് പ്രതികരിച്ച് നർത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതിൽ ദേവിക.  വ്യക്തിപരമായ മീ ടൂ ക്യാംപെയിനെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ഭർത്താവ് മുകേഷിനെതിരെയുണ്ടായ ആരോപണങ്ങളിൽ ഒരു ഭാര്യയെന്ന നിലയിൽ ആശങ്കയില്ലെന്നും മേതിൽ ദേവിക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീ ടൂ ക്യാംപെയിനെക്കുറിച്ചും ഭർത്താവ് മുകേഷിനെക്കുറിച്ചുയർന്ന ആരോപണത്തെക്കുറിച്ചും പ്രതികരിച്ചത്.

ഒരു വ്യക്തിയെന്ന നിലയിൽ മീ ടു ക്യാംപെയിൻ മികച്ച അവസരമാണ്. സ്ത്രീകൾക്ക് തുറന്നു ‌സംസാരിക്കാൻ അവസരം നൽകുന്ന മീ ടൂ ക്യാംപെയിനെ വ്യക്തിപരമായി താൻ പിന്തുണയ്ക്കുന്നുണ്ടെന്നും പറഞ്ഞതിനൊപ്പം പുരുഷന്മാർക്ക് പ്രകോപനപരമായ സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്കെതിരെയും ക്യാംപെയിൻ വേണ്ടതല്ലേയെന്നും മേതിൽ ദേവിക ചോദിച്ചു.

methil-devika-mukesh

മുകേഷുമായി സംസാരിച്ചപ്പോൾ അങ്ങനെയൊരു സംഭവം ഓർമ്മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും, അദ്ദേഹം തന്നോട് നുണ പറയില്ല എന്നാണ് വിശ്വാസമെന്നും മേതിൽ ദേവിക പ്രതികരിച്ചു. പലപ്പോഴും ഭർത്താവിന്റെ മൊബൈൽ ഫോൺ താനാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരുപാട് സ്ത്രീകൾ പ്രകോപനപരമായ സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും പലപ്പോഴും താനാണ് ആ മെസേജുകൾക്ക് മറുപടി അയയ്ക്കാറുള്ളതെന്നും അവർ പറയുന്നു. ഒരു ഭാര്യ എന്ന നിലയിൽ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആയേ കാണാൻ കഴിയൂവെന്നും അങ്ങനെയുള്ള സ്ത്രീകൾക്കെതിരെ ക്യാംപെയ്ൻ ഒന്നുമില്ലേയെന്നാണ് തന്റെ ചോദ്യമെന്നും അവർ പറഞ്ഞു.

methil-devika

ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ തന്നെ ശല്യപ്പെടുത്തിയെന്ന ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് മീ ടു ക്യാംപയിനിലൂടെ ഉന്നയിച്ച ആരോപണം നടന്‍ മുകേഷ് തള്ളിയിരുന്നു. മാനനഷ്ടത്തിന് കേസ് കൊടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിക്കും. എന്നാല്‍ ആരോപണങ്ങളെക്കുറിച്ചുള്ള മറ്റ് ചോദ്യങ്ങളില്‍ നിന്ന് മുകേഷ് ഒഴിഞ്ഞുമാറി. 19 വര്‍ഷം മുമ്പ് ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണസമയത്ത്  ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് മുകേഷ് ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും പരിപാടി നടത്തുന്ന സ്ഥാപനത്തിന്റ ഉടമ ഡെറക് ഒബ്രിയനാണ് തന്നെ  രക്ഷിച്ചതെന്നുമായിരുന്നു ടെസിന്റ  ട്വീറ്റ്. 

MORE IN KERALA
SHOW MORE