കരിപ്പൂരിൽ വൻ സ്വർണവേട്ട; ദുബായ് യാത്രികന്‍ ഷൂസിൽ ഒളിപ്പിച്ചത് 97 ലക്ഷത്തിന്‍റെ സ്വർണം

gold-smuggling
SHARE

ദുബായിൽനിന്നു കയറിയ രാജ്യാന്തര യാത്രക്കാരൻ വിമാനത്തിൽ ഒളിപ്പിച്ച സ്വർണം, മുംബൈയിൽനിന്നു കയറിയ കോഴിക്കോട്ടേക്കുള്ള ആഭ്യന്തര യാത്രക്കാരൻ വഴി പുറത്തെത്തിക്കാനുള്ള ശ്രമം ഡിആർഐ പൊളിച്ചു. യാത്രക്കാരൻ ധരിച്ച ഷൂസിനുള്ളിൽനിന്ന് 97.09 ലക്ഷം രൂപയുടെ 3.1 കിലോഗ്രാം സ്വർണം കണ്ടെടുത്തു. മുംബൈയിൽ താമസക്കാരനായ നാസിറുദ്ദീൻ മാഹിം (27) ആണു പിടിയിലായത്. 

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു ഡിആർഐ നടത്തിയ അന്വേഷണമാണ് ആഭ്യന്തര യാത്രക്കാരൻ വഴി നടത്തിയ സ്വർണക്കടത്തു പിടികൂടാൻ സഹായകമായത്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ: ഇന്നലെ പുലർച്ചെ ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലേക്കു കയറിയ ആൾ സ്വർണം വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച ശേഷം മുംബൈയിൽ ഇറങ്ങി. മുംബൈയിൽനിന്നു കോഴിക്കോട്ടേക്ക് ആഭ്യന്തര യാത്രക്കാരൻ ആയി കയറിയ നാസിറുദ്ദീൻ മാഹിം ഈ സ്വർണം എടുത്ത് വിമാനത്തിലെ ശുചിമുറിയിൽ പോയി സ്വന്തം ഷൂസിനുള്ളിൽ ഒളിപ്പിച്ചു. 

ആഭ്യന്തര യാത്രക്കാർക്കു പരിശോധന കുറവായതിനാൽ, രാവിലെ 8.45നു വിമാനം കോഴിക്കോട് എത്തുമ്പോൾ സ്വർണവുമായി പുറത്തിറങ്ങാമെന്നായിരുന്നു ധാരണ. എന്നാൽ, വിവരം ലഭിച്ചതിനെത്തുടർന്നു കോഴിക്കോട്ടുനിന്നു ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) സംഘമെത്തി നടത്തിയ പരിശോധനയിൽ കള്ളക്കടത്തു ശ്രമം പിടികൂടി. നാസിറുദ്ദീൻ മാഹിം കാരിയർ ആണെന്നു ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

MORE IN KERALA
SHOW MORE