ആലപ്പുഴയുടെ കദനകഥ; ഐശ്വര്യത്തിന്റെ സൈറനിട്ട് സബ് കലക്ടര്‍, കയ്യടി

krishnatheja-subcollector
SHARE

പശുവളര്‍ത്തല്‍ ഉപജീവനമാക്കിയ കര്‍ഷകര്‍ക്ക് കനിവിന്റെ കൈത്ത‌ാങ്ങേകുകയാണ് ആലപ്പുഴ. മഹാപ്രളയത്തില്‍ 248 കുടുംബങ്ങള്‍ക്കാണ് പശുക്കളെ നഷ്ടമായത്. ഏറെപ്പേരുടെയും പ്രധാന ജീവിതമാര്‍ഗമായിരുന്നു ഇത്. പാല്‍ വിറ്റ് ജീവിച്ച സാധാരണക്കാരുടെ ഇപ്പോഴത്തെ അവസ്ഥയാകട്ടെ ഏറെ കഷ്ടത നിറഞ്ഞതും. ഇതിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന 133 കുടുംബങ്ങൾക്കാണ് ഒരോ പശുവിനെ വീതം നൽകുവാന്‍ തീരുമാനമായത്. 

കരകയറുന്ന ആലപ്പുഴയ്ക്ക് കൈത്താങ്ങേകുന്ന ആം ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ ദാനം ചെയ്യുന്നത്. ആലപ്പുഴ സബ് കലക്ടർ വി.ആർ. കൃഷ്ണ തേജയാണ് പദ്ധതിക്ക് പിന്നില്‍. ആം ഫോര്‍ ആലപ്പി പദ്ധതിയിലെ ഒരിനം മാത്രമാണ് 'ഡൊണേറ്റ് എ കാറ്റിൽ.' ആദ്യമായി രണ്ടു പശുക്കളെ ദാനം നല്‍കിയതാകട്ടെ സബ് കലക്ടർ കൃഷ്ണ തേജയുടെ പിതൃസഹോദരനായ ബാലാജി മൈലാവരപ്പ് ആണ്. അതും ഇതരസംസ്ഥാനത്ത് നിന്ന് ആലപ്പുഴയുടെ കഥനകഥ കേട്ടറിഞ്ഞ്. 

പള്ളാത്തുരുത്തി സ്വദേശികളായ സുരേഷ് ഉമ്മാശ്ശേരി, ബിന്ദു അമ്പാട്ട് എന്നീ ക്ഷീര കർഷകർക്കാണ് ആദ്യം പശുക്കളെ കൈമാറിയത്. സുരേഷിന് പ്രളയത്തില്‍ മൂന്നു പശുക്കളെ നഷ്ടമായിരുന്നു. തൊഴുത്തും നശിച്ചു. ബിന്ദു അമ്പാട്ട് പ്രളയത്തെത്തുടർന്ന് ക്യാമ്പിലായിരുന്നു. ഭർത്താവ് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. സങ്കര വർഗ്ഗത്തിൽപ്പെട്ട പശുക്കളെയാണ് ഇരുവര്‍ക്കും നൽകിയത്. ഐ.റ്റി മേഖലയിൽ പ്രവർത്തിക്കുന്നവർ, ഇതരസംസ്ഥാനത്ത് നിന്ന് നമ്മുടെ ബുദ്ധിമുട്ട് കേട്ടറിഞ്ഞവർ എന്നിങ്ങനെ വിവിധങ്ങളായ മേഖലയിൽനിന്ന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സബ് കലക്ടര്‍ പറഞ്ഞു. 

MORE IN KERALA
SHOW MORE