ബാലുവിന്‍റെയും മകളുടെയും മരണം ലക്ഷ്മിയെ അറിയിച്ചു; ‘ഇനി വേണ്ടത് പ്രാര്‍ഥന’, വിഡിയോ

stephen-lakshmi
SHARE

വയലനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതി. ലക്ഷ്മിക്ക് ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായം കൂടാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. അതേസമയം ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും വിയോഗ വാർത്ത ലക്ഷ്മിയെ അറിയിച്ചു. സ്റ്റീഫൻ ദേവസിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റീഫനാണ് പങ്കുവച്ചുകൊണ്ടിരുന്നത്. 'ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാൻ സാധിക്കുന്നുണ്ട്. അതായത് വെന്റിലേറ്റർ നീക്കം ചെയ്തു. ചെറുതായി സംസാരിക്കാനും ശ്രമിക്കുന്നുണ്ട്. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. അവർ ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും ഇപ്പോൾ കടന്നു പോകുന്നത്. പക്ഷേ അവരുടെ ആരോഗ്യനിലയ്ക്ക് ഇപ്പോൾ കുഴപ്പമില്ല. ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാൻ എല്ലാവരുടെയും പ്രാർത്ഥന വേണം. അവർ ജീവിതം തിരിച്ചുപിടിക്കാന്‍ എല്ലാരും പ്രാർത്ഥിക്കുക'. സ്റ്റീഫൻ അഭ്യർഥിക്കുന്നു. ലക്ഷ്മിയെ ചികിൽസിക്കുന്ന ഡോക്ടറാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും സ്റ്റീഫൻ പറയുന്നു. 

ലക്ഷ്മിയുടെ ബോധം പൂർണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടർ അറിയിച്ചു.വെന്റിലേറ്റർ നീക്കം ചെയ്തുവെങ്കിലും ഐസിയുവിൽ തുടരും. ഈ ആഴ്ച അവസാനത്തോടെ വാർഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകൾ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതർ  അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് മരത്തിൽ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകൾ തേജസ്വിനി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ തുടരവേ ബാലഭാസ്കറും മരിച്ചിരുന്നു. ഡ്രൈവർ അർജുന്‍ ചികിൽസയിൽ തുടരുകയാണ്. 

MORE IN KERALA
SHOW MORE