ഒരുമ തകർക്കാൻ ആര്‍എസ്എസ് ശ്രമം; കോണ്‍ഗ്രസിനും കൊട്ട്, പൂര്‍ണരൂപം: കുറിപ്പ്, വിഡിയോ

pinarayi-vijayan-1
SHARE

നാടിന്റെ ഒരുമ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ശബരിമലയ്ക്ക് വേണ്ടിയുള്ള സമരത്തിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാർ നിലപാടല്ല സുപ്രീം കോടതി വിധിയിലേക്ക് നയിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ റിവ്യു ഹർജി നല്‍കാനാവില്ല. ഏത് വിധിയായാലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സർക്കാർ നൽകിയിരുന്നു. ആ നിലപാട് സ്വീകരിച്ച സർക്കാർ എങ്ങനെ റിവ്യൂ ഹർജി നൽകും. എൽഡിഎഫ് സർക്കാരല്ല വിധിക്ക് കാരണക്കാർ. തുല്യതയാണ് സർക്കാർ നിലപാടെന്നും തെറ്റിദ്ധാരണകൾ തിരുത്താൻ തയ്യാറെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നിലപാട് വര്‍ഗീയത ഉണ്ടാക്കുന്നതാണെന്നും നീണ്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു. 

കാലവർഷക്കെടുതിയിൽ കണ്ട ഒത്തൊരുമക്ക് കാരണം കേരളത്തിന്റെ മതേതരമനസ്സാണ്. ഒന്നിച്ച് ആപത്തിന് നേരിട്ടു. കേരളത്തിൽ ഉയർന്നുവന്ന നവോത്ഥാനപ്രസ്ഥാനത്തിലൂടെയാണ് കേരളത്തിന് ഈ മതേതരമുഖം കൈവന്നത്. നവോത്ഥാനപ്രസ്ഥാനത്തിന് മുൻപത്തെ കേരളത്തെക്കുറിച്ച് ചിന്തിക്കണം. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് പറഞ്ഞ നാടാണിത്. അത്ര മാത്രം അധപതിച്ച ദുരാചാരങ്ങൾ ഇവിടെ നിലനിന്നിരുന്നു.

പിന്നീട് ഉയർന്നുവന്ന നവോത്ഥാനപ്രസ്ഥാനം നാടിനെ ഉഴുതുമറിച്ചു. പിന്നീടുണ്ടായ സാമൂഹിക പരിഷ്കരണങ്ങളിലൂടെയാണ് കേരളം മുന്നേറിയത്. 

അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്ന് രൂപപ്പെട്ടുവന്ന മുന്നേറ്റം മറ്റെല്ലാ വിഭാഗങ്ങളിലേക്കും പടർന്നുകയറി. ദേശീയ പ്രസ്ഥാനവും ഇത്തരം മുദ്രാവാക്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ഇടപെട്ടു. നാട്ടുരാജ്യങ്ങിൽ നിലനിന്നിരുന്ന ആചാരപരമായ പ്രശ്നങ്ങളിൽ ഇടപെടേണ്ട എന്നൊരു രീതിയുണ്ടായിരുന്നു. എന്നാൽ അത്തരം ആചാരങ്ങളിൽ ഇടപെടണം എന്ന കാഴ്ചപ്പാട് ദേശീയപ്രസ്ഥാനത്തിനകത്ത് രൂപപ്പെട്ടു.അതിന്റെ ഭാഗമായാണ് 1924 ൽ വൈക്കം സത്യാഗ്രഹം നടന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നേതാക്കൾ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അന്നത്തെ ആചാരങ്ങൾക്കെതിരായ സമരത്തിലൂടെയാണ് മന്നത്ത് പത്മനാഭന്‍ കേരളത്തിന്റെ സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നതിലേക്ക് ഉയർന്നത്. 

സാമുദായിക പരിഷ്കരണം മാത്രമല്ല, മനുഷ്യരുടെയെല്ലാം പ്രശ്നങ്ങളിൽ ഇടപെടുന്ന നവോത്ഥാന പാരമ്പര്യം ഇവിടെയുണ്ടായിരുന്നു. സമുദായത്തിലെ തെറ്റായ ആചാരത്തിനെതിരെ പൊരുതുന്നതിനൊപ്പം പൊതുധാരയിലേക്കെത്തുകയെന്ന ശ്രമവും ഈ കാലത്ത് സ്വീകരിച്ചിരുന്നു.

വൈക്കം സത്യാഗ്രഹത്തിന് പിന്നാലെ ഗുരുവായൂർ സത്യാഗ്രഹമുൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നടന്നു. സ്ത്രീകളുടെ പ്രശ്നങ്ങളിലും നവോത്ഥാനപ്രസ്ഥാനം ഇടപെട്ടു. മാറിടം മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയും വിധവാവിവാഹത്തിനെതിരെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയും ഇവിടെ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ജന്മിത്വം മുന്നോട്ടുവെച്ച സ്ത്രീവിരുദ്ധ ആശയങ്ങളായിരുന്നു ഇവയെല്ലാം. 

ആധുനിക കേരളം മാറ്റങ്ങളുടേതായിരുന്നു. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റമുണ്ട്. സ്ത്രീകളുടെ സൂക്ഷ്മജീവിതത്തിലും ഇതിന് സമാനമായ മുന്നേറ്റങ്ങളുണ്ടായി. പണ്ടുകാലത്ത് പെൺകുട്ടികൾക്ക് ആദ്യ ആര്‍ത്തവമുണ്ടായാല്‍ ആഘോഷിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു. അക്കാലത്ത് സ്ത്രീകളെ മറപ്പുരകളിൽ പാർപ്പിക്കുന്ന രീതിയുണ്ടായിരുന്നു. വീടുകളിൽ പാലിച്ചുപോന്ന രീതികളിലും ഇന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. 

ഓരോ വിഭാഗങ്ങളിലും നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ തീവ്രമായ സംഘർഷങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അത്തരം സംഘർഷങ്ങളെ പൊതുസമൂഹം സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് മാറ്റങ്ങളുണ്ടായത്. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ചരിത്രത്തെ ഉൾക്കൊണ്ട് വേണം വിധിയെ കാണാന്‍. 

1991ലെ ഹൈക്കോടതി വിധിയാണ് ശബരിമലയിൽ സ്ത്രീപ്രവേശനം വിലക്കിയത്. അത് നടപ്പാക്കുകയാണ് അന്ന് ദേവസ്വം ബോർഡും സർക്കാരും ചെയ്തത്. ചീഫ് സെക്രട്ടറി നൽകിയ എതിർസത്യവാങ്മൂലത്തിൽ ക്ഷേത്രപ്രവേശനനിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തിൽ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെ നിലനിൽക്കുന്ന വിവേചനത്തിന് സർക്കാർ എതിരാണ്.

സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് നിലവിലെ സർക്കാർ നയം. സ്ത്രീപ്രവേശനത്തിന് സർക്കാർ എതിരല്ല. സുപ്രീം കോടതി വിധിയെ സർക്കാർ മാനിക്കുന്നു. ഈ സന്ദർഭമുപയോഗിച്ച് സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. അത് നല്ലതിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രി വിധി എല്ലാവർക്കും ബാധകമാണെന്നും പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലും സമാനമായ നിലപാട് സ്വീകരിച്ചത്. എന്നാൽ

വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവ് മറിച്ചൊരു തീരുമാനമെടുത്തത് വിസ്മയകരമാണ്. ഇത് അദ്ദേഹത്തിന്റെ വിശ്വാസ്യത തകർക്കുന്ന കാര്യമാണ്. അദ്ദേഹം തന്നെ ഇക്കാര്യമൊന്ന് ആലോചിക്കണം. 

കടുത്ത വര്‍ഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്റേത്. 

ആർഎസ്എസും ബിജെപിയുമല്ല, ഞങ്ങളാണ് ഇതിന്റെ മുന്‍പന്തിയിലെന്ന് സ്ഥാപിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. ഈ നിലപാടാണ് കോൺഗ്രസിന്റെ തളർച്ചക്കും ബിജെപിയുടെ വളർച്ചക്കുമിടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

MORE IN KERALA
SHOW MORE