ചുഴലിക്കാറ്റ് ഭീഷണി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ പ്രതിസന്ധിയിൽ

fisherman
SHARE

ഓഖിക്ക് ശേഷം മറ്റൊരു ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പെത്തുമ്പോളും മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ട ആധുനിക സംവിധാനങ്ങളൊന്നും നടപ്പായില്ല. അപായ മുന്നറിയിപ്പിനുള്ള നാവിക് സംവിധാനവും കടലില്‍ പോകുന്നവരുടെ എണ്ണം അറിയാനുള്ള മൊബൈല്‍ ആപ്ളിക്കേഷനും പരാജയപ്പെട്ടു. അതിനാല്‍ ഇപ്പോഴത്തെ മുന്നറിയിപ്പിനു ശേഷവും ഉള്‍ക്കടലില്‍ എത്രപേരുണ്ടെന്നതിന് ഫിഷറീസ് വകുപ്പിനറിയില്ല. 

ഈ യാത്ര മീന്‍ പിടിക്കാനല്ല. ചുഴലിക്കാറ്റിനൊപ്പം കടല്‍ കരകയറുമെന്ന പേടിയില്‍ വള്ളം സുരക്ഷിതമായ ഹാര്‍ബറിലെത്തിക്കാനായാണ്. സര്‍ക്കാര്‍ മുന്നറിയിപ്പെത്തിയതോടെ  തിരുവനന്തപുരം തീരത്തെ 80 ശതമാനം തൊഴിലാളികളും ഇന്നലെ മുതല്‍ കടല്‍യാത്ര വേണ്ടെന്ന് വച്ചു. മുന്നറിയിപ്പിന് മുന്‍പ് പോയ ഒട്ടേറെപ്പേര്‍ ചുഴലിക്കാറ്റ് വരുന്നൂവെന്നറിയാതെ ഉള്‍ക്കടലിലുണ്ട്. മൊബൈലില്‍ വിളിച്ച് അവരോട് തിരികെ വരാന്‍ അറിയിച്ച് കാത്തിരിക്കുകയാണ് മറ്റുള്ളവര്‍. ഓഖിക്ക് ശേഷം ഇവരില്‍ ആശങ്കയുണ്ട്..സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുന്നുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പലതും പാലിച്ചിട്ടില്ല.

ഉള്‍ക്കടലിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ നാവിക് എന്ന സംവിധാനം പരാജയപ്പെട്ടതിനാല്‍ അടിയന്തിര മുന്നറിയിപ്പെത്തിക്കാന്‍ മാര്‍ഗമൊന്നുമില്ല. കടലില്‍ പോകുന്നവരുടെ എണ്ണം അറിയാനായി കൊണ്ടുവന്ന സാഗര്‍ എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഫലം കണ്ടില്ല. ചുരുക്കത്തില്‍ ഓഖിക്ക് മുന്‍പുള്ളത് പോലെ ലൈഫ് ജാക്കറ്റിന്റെ സുരക്ഷപോലും ഇന്നുമില്ല. 

MORE IN KERALA
SHOW MORE