മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എംഎല്‍എയുടെ കടംവീട്ടി; രേഖ പുറത്ത്

pinarayi-letter
SHARE

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കുമെന്ന ആശങ്കകള്‍ക്ക് തെളിവുകള്‍ പുറത്ത്. പക്ഷേ പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച തുകയ്ക്ക് മുമ്പാണെന്ന് മാത്രം. ചെങ്ങന്നൂരിലെ സിപിഎം എംഎൽഎയായിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പാ കുടിശികയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിച്ച് അടച്ചുതീര്‍ത്തത്. വിവിധ ബാങ്കുകളിൽനിന്ന് എം.എല്‍.എയും കുടുംബവും എടുത്ത വായ്പയുടെ കുടിശികയായ എട്ടുലക്ഷത്തി അറുപത്തിയാറായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഏഴ് രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. എം.എല്‍.എയുടെ കുടുംബത്തിന് അടിയന്തരമായി സഹായധനം അനുവദിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പുഴ ഡപ്യൂട്ടി കലക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. തുടർന്നാണ് പണം അനുവദിച്ചത്. 

എം.എല്‍.എയായിരിക്കെ കെ.കെ.രാമചന്ദ്രൻ നായർക്ക് നിയമസഭയില്‍ ആറുലക്ഷം രൂപയും സ്വര്‍ണവായ്പ ഇനത്തില്‍ ഒരു ലക്ഷത്തിലധികം തുകയും മൂന്നുബാങ്കുകളിലായി ഒന്നരലക്ഷത്തോളം രൂപയും ബാധ്യതയുണ്ടായിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയത്. ഇതു കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു വീടുനിർ‍മാണ സാമഗ്രികൾ വാങ്ങിയ ഇനത്തില്‍ രണ്ടുലക്ഷത്തിലേറെ ബാധ്യതയുണ്ടെന്നും ഡപ്യൂട്ടി കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ചു നേരത്തെയും വിവാദമുണ്ടായിരുന്നു. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് പ്രളയ ദുരിതാശ്വാസത്തിനു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന ആവശ്യമുയർന്നത്. പ്രത്യേക അക്കൗണ്ടാണെങ്കിൽ പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പ്രത്യേക അക്കൗണ്ട് തുടങ്ങാൻ സർക്കാർ ആദ്യം തീരുമാനിക്കുകയും പിന്നീടത് പിൻവലിക്കുകയും ചെയ്തിരുന്നു.

MORE IN KERALA
SHOW MORE